നഗരത്തിൽ വെള്ളക്കെട്ട് തടയാൻ ഓവുചാൽ വൃത്തിയാക്കൽ തുടങ്ങി
text_fieldsകോഴിക്കോട്: മാവൂർ റോഡ് മേഖലയിൽ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്ന മൊഫ്യൂസിൽ സ്റ്റാൻഡിനും പൂന്താനം ജങ്ഷനുമിടയിലുള്ള ഓടയിലെ തടസ്സങ്ങൾ നീക്കൽ ആരംഭിച്ചു. 15 ലക്ഷം രൂപ ചെലവിൽ രാജാജി റോഡ്, റാംമോഹൻ റോഡ് എന്നിവിടങ്ങളിൽ കിഴക്ക് ഭാഗത്തുള്ള ഓടയിലെ തടസ്സങ്ങൾ നീക്കുന്ന പണിയാണ് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയത്. ഇതോടൊപ്പം റാം മോഹൻ റോഡിനും രാജാജി റോഡിനുമിടയിൽ സ്റ്റേഡിയം ജങ്ഷനിലുള്ള ഓവു പാലം വലുതാക്കി നിർമിക്കുന്ന 25 ലക്ഷം രൂപയുടെ പണിയും ഉടൻ ആരംഭിക്കും.
ഒരേ കരാറുകാരൻ ഏറ്റെടുത്ത രണ്ട് പ്രവൃത്തിയും തീരുന്നതോടെ ഈ ഭാഗത്ത് മഴയിൽ വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. പണി നടക്കുന്നതിന്റെ ഭാഗമായി റാംമോഹൻ റോഡിലെ കിഴക്കുഭാഗം സ്ലാബുകൾ ഉയർത്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനാൽ ഫുട്പാത്തിൽ കാൽനട അസാധ്യമായി. കോർപറേഷന്റെ സുസ്ഥിര നഗര പദ്ധതിയിൽ വേലികെട്ടി ടൈലിട്ട പാതയിൽ മുഴുവൻ ടൈലുകളും മാറ്റേണ്ടി വന്നു.
പണി കഴിഞ്ഞ് മുഴുവൻ ടൈൽ വിരിച്ച് പഴയപടിയാക്കാനാണ് തീരുമാനം. ഓവുപാലം പണി തുടങ്ങിയാൽ പുതിയറ റോഡിലും സ്റ്റേഡിയം ജങ്ഷനിലും ഗതാഗത നിയന്ത്രണം വേണ്ടിവരും. ചിന്താവളപ്പ്, സ്റ്റേഡിയം, പാവമണി റോഡ് ഭാഗത്തുനിന്ന് വെള്ളം ഒഴുകി മൊഫ്യൂസിൽ സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടത്തിന് സമീപത്തു വെച്ച് മാവൂർറോഡിലെ പ്രധാന ഓട വഴിയാണ് കനോലി കനാലിൽ ചേരുന്നത്. വെള്ളക്കെട്ട് തടയാൻ ജില്ല ഭരണകൂടം പൊതുമരാമത്ത് വകുപ്പിനും കോർപറേഷനും നിർദേശം നൽകിയിരുന്നു.
നഗരസഭയും പൊതുമരാമത്ത് വകുപ്പും കരാറുകാരും ചേർന്ന് സ്റ്റേഡിയം ജങ്ഷനിലെ ഓവുചാലിലെ തടസം നീക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സ്റ്റേഡിയം ജങ്ഷനിലെ ഓട നിർമാണം നഗരപാത നവീകരണ പദ്ധതി രേഖയിൽ ഉൾപ്പെട്ടിരുന്നില്ല. പാവമണിറോഡ്, ചിന്താവളപ്പ്, ജയിൽ റോഡ്, കോട്ടപ്പറമ്പ് ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിയെത്തി സ്റ്റേഡിയത്തിന് സമാന്തരമായി രാജാജി റോഡിലെ ഓടയിലേക്ക് എത്തി മാവൂർ റോഡ് വഴി കനോലികനാലിലേക്ക് പോവുന്നത് ഇപ്പോൾ സ്റ്റേഡിയം ജങ്ഷനിൽ കെട്ടിക്കിടക്കുകയാണെന്നാണ് കണ്ടെത്തിയത്.
സ്റ്റേഡിയും ജങ്ഷനിൽ അഞ്ച് അട്ടിയിൽ കോൺക്രീറ്റ് സ്ലാബുകൾ ഓടയിൽ മുട്ടിക്കിടക്കുന്ന രീതിയിലാണുള്ളത്. ഒന്നര മീറ്റർ വീതിയിൽ കോട്ടപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന ഓവുചാലാണ് സ്റ്റേഡിയം ജങ്ഷനിൽ ചെന്ന് മുട്ടിനിൽക്കുന്നത്. മൂന്നുകൊല്ലം മുമ്പ് നഗര റോഡ് നവീകരണ പദ്ധതിയിൽ സ്റ്റേഡിയം -പുതിയറ റോഡ് നന്നാക്കിയപ്പോഴാണ് ഓട ഈ വിധം അടഞ്ഞതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.