തെരുവുനായ് പ്രശ്നം: കോർപറേഷൻ പ്രത്യേക സമിതിയുണ്ടാക്കും, വെടിവെച്ചുകൊല്ലാൻ അനുമതിവേണമെന്ന് കൗൺസിലിൽ ആവശ്യം
text_fieldsകോഴിക്കോട്: നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. സമിതി ചർച്ചചെയ്ത് നിയമപരമായി നായ്ക്കളെ വെടിവെച്ചുകൊല്ലുന്നതിന് കേന്ദ്ര സർക്കാറിൽനിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു. സമിതിയിൽ ഗൗരവ ചർച്ചയുണ്ടാവും.
കോർപറേഷൻ കൗൺസിലിലെ എല്ലാ കക്ഷികളും അടങ്ങുന്നതാകും കമ്മിറ്റിയെന്നും മേയർ പറഞ്ഞു. കാട്ടുപന്നികളുടെ കാര്യത്തിലെന്നപോലെ ആക്രമണസ്വഭാവമുള്ള നായ്ക്കളെ വെടിവക്കാൻ അനുമതി നൽകണമെന്ന് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ച എൻ.സി. മോയിൻകുട്ടി ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്കൊടുവിലാണ് കൗൺസിൽ തീരുമാനം.
കഴിഞ്ഞദിവസം കാളൂർ റോഡ് ഭാഗത്ത് നായ പ്രകോപനമില്ലാതെ കുട്ടികളടക്കം 12 പേരെ കടിച്ചതായി മോയിൻകുട്ടി പറഞ്ഞു. വാക്സിനടിച്ചിട്ടും ആൾ മരിക്കുന്നുവെന്ന വാർത്തവന്നതോടെ എല്ലാവരും ആശങ്കയിലാണ്. നായ്ക്കൾ അരാജകത്വമുണ്ടാക്കുന്നു. എ.ബി.സി പദ്ധതിയുണ്ടായിട്ടും നായ് ശല്യം കൂടിവരുന്നുവെന്നും മോയിൻകുട്ടി പറഞ്ഞു. നായ്ക്കളെ പരിപാലിക്കണമെന്ന നഗരകാര്യ ഡയറകട്റുടെ ഉത്തരവ് പിൻവലിക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും ആവശ്യപ്പെട്ടു. കെ. മൊയ്തീൻ കോയ, ഡോ.പി.എൻ. അജിത, അഡ്വ. സി.എം. ജഷീർ, എം. ബിജുലാൽ, കെ. നിർമല, എം.പി. ഹമീദ്, ഉഷാകുമാരി, സരിത പറയേരി തുടങ്ങിയവർ വിവിധ കാര്യങ്ങൾ നിർദേശിച്ചു.
മയക്കുമരുന്ന് വ്യാപനം തടയാൻ അടിയന്തര നടപടി വരും
നഗരത്തിൽ മയക്കുമരുന്ന് വ്യാപിക്കുന്ന കാര്യത്തിൽ കോർപറേഷൻ നടപടി തുടങ്ങിയതായി ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചു.
മാങ്കാവിൽ ഡീ അഡിക്ഷൻ സെന്റർ അടുത്തമാസം തുറക്കും. വാർഡ് തലത്തിൽ മൈക്രോലെവലിൽ എല്ലാ പ്രദേശത്തും ജനകീയ കൂട്ടായ്മയിൽ പ്രശ്നം പരിഹരിക്കാൻ നോക്കണം. കഞ്ചാവിനും ബ്രൗൺ ഷുഗറിനുമൊക്കെ എതിരായി ജനകീയ കൂട്ടായ്മയുടെ ഇടപെടലാണ് വിജയം കണ്ടത്. ഇത് മാതൃകയാക്കും. പൊലീസും എക്സൈസും വിചാരിച്ചാൽ മൊത്തം തടയാനാവില്ല. കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുണ്ടാക്കാനുള്ള പദ്ധതിക്ക് എത്ര പണവും നീക്കിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനത്തെപ്പറ്റി ബി.ജെ.പിയിലെ ടി. റനീഷാണ് ശ്രദ്ധ ക്ഷണിച്ചത്. സി.എസ്. സത്യഭാമ, ഡോ.പി.എൻ. അജിത, ടി.കെ. ചന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നഗരത്തിലെ എയർ ഹോൺ ശല്യം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും. ടി. സുരേഷ് കുമാറാണ് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയത്.
പാസ്വേഡ് തട്ടിപ്പ് 10 കെട്ടിടങ്ങളിൽ
പാസ്വേഡ് ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ മൊത്തം 10 കെട്ടിടങ്ങളിലായി 22 നമ്പറുകൾ കൊടുത്തത് പൊലീസിന് കൈമാറിയതായി അഡീഷനൽ സെക്രട്ടറി രേണുക അറിയിച്ചു.
ബാക്കി കെട്ടിടങ്ങൾ കണ്ടുപിടിച്ച് പ്രത്യേക സ്ക്വാഡ് ടൗൺ പ്ലാനിങ് വിഭാഗത്തിന് കൈമാറിവരുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. കെ. നിർമലയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ എഴുതിക്കൊടുക്കാത്തതിനാൽ കൂടുതൽ ഉപചോദ്യങ്ങൾ അരുതെന്ന മേയറുടെ നിലപാട് ബഹളത്തിനിടയാക്കി. കെട്ടിട നമ്പർ തട്ടിപ്പ് സംബന്ധിച്ച് ടി. റനീഷിന്റെയും പ്ലസ്ടു സീറ്റ് കുറവിനെപ്പറ്റിയുള്ള കെ. മൊയ്തീൻ കോയയുടെയും അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. കെ. ഈസ അഹമ്മദ്, ഫെനിഷ കെ. സന്തോഷ്, സൗഫിയ അനീഷ്, അൽഫോൻസ മാത്യു എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
മിഠായിതെരുവിലെ വിളക്ക് കരാർ റദ്ദാക്കി
മിഠായി തെരുവിൽ തെരുവ് വിളക്കുകളും സി.സി ടി.വി കാമറയും സ്ഥാപിച്ച് പരിപാലിക്കാൻ നൽകിയ കരാർ നഗരസഭ റദ്ദാക്കി. അഞ്ചു കൊല്ലത്തേക്ക് നൽകിയ കരാറാണ് റദ്ദാക്കിയത്. സമയബന്ധിതമായി ഉടമ്പടി പാലിക്കാത്തതിനും ലൈസൻസ് ഫീസ് നൽകാത്തതിനുമാണ് നടപടി.
ആൺകുട്ടികളുടെ ഒരു സ്കൂൾ കൂടി മിക്സ്ഡാക്കാൻ തീരുമാനം
നഗരത്തിലെ പറയഞ്ചേരി ബോയ്സ് ഹൈസ്കൂൾ മിക്സഡ് സ്കൂളാക്കിമാറ്റാൻ കൗൺസിൽ അംഗീകാരം നൽകി. പ്രധാനാധ്യാപികയുടെ അപേക്ഷ പരിഗണിച്ചാണിത്. നഗരത്തിലെ പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകണമെന്ന ബി.ജെ.പിയിലെ ടി. റനീഷിന്റെ ആവശ്യത്തിന് മേയർ പിന്തുണ നൽകി.
പെൺകുട്ടികൾക്ക് മാത്രമായുള്ള 15 ലേറെ ഹയർ സെക്കൻഡറി സ്കൂളുള്ള കോഴിക്കോട്ട് ആൺകുട്ടികൾക്ക് മാത്രമായി ഇനി സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ മാത്രമേയുള്ളൂവെന്നും അത് സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും അവരുടെ അവസരം കുറയുന്നത് തടയാൻ എല്ലാ സ്കൂളും മിക്സഡാക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
ഐ.കെ.എമ്മിന് സുവേഗയും കൈമാറും
കെട്ടിടനിർമാണ അപേക്ഷ നൽകുന്ന സുവേഗ സോഫ്റ്റ്വെയറും ഇനി ഇൻഫർമേഷൻ കേരള മിഷൻ നടത്തും. പാളിച്ചകളുടെ പശ്ചാത്തലത്തിൽ യഥാസമയം സോഫ്റ്റ്വെയർ നവീകരണം ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നടത്തിപ്പ് ഏൽപിക്കാൻ തീരുമാനിച്ച കമ്പനിയെ സാങ്കേതിക കാരണങ്ങളാൽ മാറ്റേണ്ടിവന്നതിനാലാണ് ഐ.കെ.എമ്മിനെ തന്നെ ഏൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.