Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗൺസിൽ യോഗം; നഗരത്തിൽ...

കൗൺസിൽ യോഗം; നഗരത്തിൽ പൊതുഗതാഗതം കൂടി ഉൾപ്പെടുത്തി ടി.ഒ.ഡി വികസനം നടപ്പാക്കും

text_fields
bookmark_border
കൗൺസിൽ യോഗം; നഗരത്തിൽ പൊതുഗതാഗതം കൂടി ഉൾപ്പെടുത്തി ടി.ഒ.ഡി വികസനം നടപ്പാക്കും
cancel
camera_alt

representational image

കോഴിക്കോട്: നഗരവികസനത്തിന് തയാറാക്കുന്ന മാസ്റ്റർപ്ലാനിൽ പൊതുഗതാഗതത്തെക്കൂടി ഉൾപ്പെടുത്തി വികസനം ഏകോപിപ്പിക്കാനുള്ള ട്രാൻസിറ്റ് ഓറിയന്‍റഡ് ഡെവലപ്മെന്‍റ് (ടി.ഒ.ഡി) പദ്ധതികൂടി ഉൾപ്പെടുത്താൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.

ചെറുവണ്ണൂരിനും പാവങ്ങാടിനുമിടയിലും മൂഴിക്കൽ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുമുള്ള റോഡിനിരുവശവും ടി.ഒ.ഡി പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് പദ്ധതിയെപ്പറ്റി വിശദീകരിച്ച ഡെപ്യൂട്ടി ടൗൺ പ്ലാനർ പി. ഗിരീഷ് കുമാർ പറഞ്ഞു.

മോണോ റെയിൽ പദ്ധതിയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിൽ 500 കോടിയുടെ കേന്ദ്രസഹായം ലഭ്യമാക്കാൻ തീരുമാനമായിട്ടുണ്ട്. സഹായം കിട്ടാൻ വിവിധ പരിഷ്കരണങ്ങൾ സംസ്ഥാനത്ത് നടപ്പാക്കണം. ഇതിൽ പ്രധാനപ്പെട്ടതാണ് ടി.ഒ.ഡി പദ്ധതി.

അഞ്ചു ലക്ഷമോ അതിൽ അധികമോ ജനസംഖ്യയുള്ള നഗരങ്ങളിൽ മാസ്റ്റർ പ്ലാൻ മുഖേന പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം. ഇതിന്‍റെയടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനം. അമൃത് പദ്ധതിയിൽ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കുമ്പോൾ പുതിയ നവീകരണം നടത്തേണ്ട മേഖലകൂടി കണ്ടെത്താനാണ് കൗൺസിൽ തീരുമാനം.

നഗരവാസികൾക്കുള്ള എല്ലാ സൗകര്യവും അധികം യാത്രചെയ്യാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെറിയ സ്ഥലത്ത് ഗതാഗതസൗകര്യമടക്കം ഒരുക്കിയെടുക്കുകയെന്നതാണ് ആശയം.

സാധാരണ കെട്ടിടനിയമങ്ങളിൽ ഈ മേഖലകളിൽ ഇളവുകൾ വരും. പകരം നിരവധി സൗകര്യങ്ങൾ ഒന്നിച്ച് ഉപയോഗിക്കാനാവും.

കെട്ടിടങ്ങൾക്ക് പരമാവധി നിലകൾ പണിയുക, അതേസമയം കെട്ടിടങ്ങൾക്കു മുന്നിലുള്ള പൊതുസ്ഥലം വേലികെട്ടുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യാതെ സുന്ദരമായി പരിപാലിക്കുക, ബസ് സ്റ്റാൻഡ്, ട്രെയിൻ സ്റ്റേഷൻ, ഓട്ടോ ടാക്സി സ്റ്റാൻഡ് തുടങ്ങിയവ ഒന്നിച്ച് ഒരിടത്ത് പ്രവർത്തിക്കുക, വാഹനങ്ങൾ പൊതുപാർക്കിങ് ഇടങ്ങളിൽ മാത്രം നിർത്തി കെട്ടിടങ്ങളിലേക്ക് നടന്നുവരുന്ന സംവിധാനമൊരുക്കുക, എല്ലാ റോഡിലും വിപുലമായ നടപ്പാതയും സൈക്കിൾ പാതയും ഒരുക്കുക, അഞ്ചു ശതമാനം സ്ഥലം നിർബന്ധമായി സാമ്പത്തികശേഷി കുറഞ്ഞവർക്ക് അനുവദിക്കുക, മാനസികോല്ലാസത്തിന് സൗകര്യങ്ങളടക്കം ചെടികളും എല്ലാ ആധുനിക സംവിധാനങ്ങളും കാര്യമായ ചെലവില്ലാതെ ആസൂത്രണം വഴി സ്ഥാപിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയിൽ നിഷ്കർഷിക്കുന്നുണ്ട്.

നടപ്പാക്കുന്ന സ്ഥലത്ത് സ്ഥലം വിട്ടുകൊടുത്താൽ മറ്റു ഭാഗങ്ങളിൽ കൂടുതൽ സ്ഥലം നൽകാനും തിരിച്ച് മറ്റു ഭാഗങ്ങളിൽ കൂടുതൽ സ്ഥലമുള്ളവർക്ക് അതിനു പകരം പദ്ധതി മേഖലയിൽ മൂല്യം കൂടിയ സ്ഥലം അനുവദിക്കാനും പറ്റും. പദ്ധതിമേഖലയിൽ ഭൂമി വെറുതെയിടാൻ പാടില്ല.

അതത് സ്ഥലത്തെ കൗൺസിലർ കൂടി ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റികൾക്കാവും പദ്ധതി മേഖലയിൽ നടപ്പാക്കുന്ന എല്ലാ കാര്യങ്ങളുടെയും അധികാരം.

ഇത്തരം കാര്യങ്ങൾ പ്രാഥമിക ആലോചനയിലുള്ളതാണെന്നും പദ്ധതി നടപ്പാക്കണമെന്ന് മാത്രമേ കൗൺസിൽ തീരുമാനിക്കുന്നുള്ളൂവെന്നും എങ്ങനെ നടപ്പാക്കണമെന്നത് വിശദമായ ചർച്ചകൾക്കു ശേഷമേ ഉണ്ടാവുള്ളൂവെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, കെ.സി. ശോഭിത, നവ്യ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

മെഡിക്കൽ കോളജിൽ ഫ്ലാറ്റ് പണിയാൻ സ്ഥലം വാങ്ങും

മെഡിക്കൽ കോളജിൽ ഹൗസിങ് ബോർഡിന്‍റെ സ്ഥലം സർക്കാർ നിശ്ചയിക്കുന്ന വിലക്ക് ഏറ്റെടുക്കാൻ കൗൺസിൽ അനുമതി നൽകി. ലൈഫ് പദ്ധതിയിൽ ഭൂരഹിതർക്ക് ഫ്ലാറ്റ് പണിയാനാണ് സ്ഥലം വാങ്ങുന്നത്. 95 സെന്‍റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public transportcouncil meetingtod development
News Summary - TOD development implemented by including public transport in the city
Next Story