ഒരുമിക്കാം, വൃത്തിയുള്ള പാതയോരത്തിന്
text_fieldsകോഴിക്കോട്: നഗരത്തിലെ റോഡുകൾ വൃത്തിയാക്കാനുള്ള കാമ്പയിൻ തുടങ്ങി. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രധാന റോഡുകൾ വൃത്തിയാക്കാൻ തുടങ്ങിയത്. റോഡ് വീതികൂട്ടുന്നതിനായി കെട്ടിടങ്ങൾ പൊളിച്ച ഭാഗങ്ങളിലെ മാലിന്യം എടുത്തുമാറ്റിത്തുടങ്ങി. റോഡരികിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകളും നീക്കുന്നുണ്ട്.
പാതയോരങ്ങൾ സാധാരണ രീതിയിൽ അടിച്ചുവാരി വൃത്തിയാക്കുന്നതിന് പുറമെ കെട്ടിട അവശിഷ്ടങ്ങളും മറ്റും ജെ.സി.ബിയും മറ്റും ഉപയോഗിച്ച് നീക്കുന്ന പ്രവൃത്തിയും നടക്കുന്നു. 75 വാർഡുകളിലും റെസിഡൻസ് അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തിൽ ശുചീകരണം നടക്കുന്നുണ്ട്.
അതിന് പുറമെയാണ് ആരോഗ്യ വിഭാഗത്തിന്റെ പാതയോര ശുചീകരണം. ആദ്യഘട്ടമായി മലാപ്പറമ്പിനും മാനാഞ്ചിറക്കുമിടയിലാണ് വൃത്തിയാക്കുന്നത്. ക്രിസ്ത്യൻ കോളജ് മുതൽ മലാപ്പറമ്പ് വരെ വൃത്തിയാക്കിത്തുടങ്ങി. മാവൂർ റോഡ്-മെഡിക്കൽ കോളജ് റൂട്ടിൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ പറഞ്ഞു.
പ്രധാന വീഥികളെല്ലാം വൃത്തിയാക്കുകയാണ് ലക്ഷ്യം. മാവൂർ റോഡിൽ പൊറ്റമ്മൽ മേഖലയിൽ വൃത്തിയാക്കൽ ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ച് മാറ്റുന്ന കരാറുകാരെ കൊണ്ടുതന്നെ സാധനങ്ങൾ പരമാവധി റോഡരികിൽനിന്ന് നീക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
രണ്ട് ദിവസത്തിനകം പ്രധാന റോഡുകൾ വൃത്തിയാക്കുകയാണ് ശ്രമം. നഗരത്തിൽ ഏറ്റവും വൃത്തികേടായി കിടക്കുന്ന പാതയോരങ്ങളാണ് ആദ്യം നന്നാക്കുന്നത്. 300ലേറെ വരുന്ന ജീവനക്കാർ ഒരു മേഖലയിൽ കേന്ദ്രീകരിച്ചാണ് വൃത്തിയാക്കുക. പാതയോരത്ത് നിന്ന് എടുത്തുമാറ്റുന്ന സാധനങ്ങൾ റോഡ് നിർമാണ സ്ഥലത്തേക്കും മറ്റുമാണ് മാറ്റുന്നത്. ശുചീകരണത്തിനിടെ കണ്ടെത്തുന്ന റോഡ് കൈയേറ്റങ്ങൾക്കും അനധികൃത കച്ചവടത്തിനുമെതിരെ കർശന നടപടിയുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.