കക്കൂസ് മാലിന്യ സംസ്കരണം; പദ്ധതിയുമായി കോർപറേഷൻ
text_fieldsകോഴിക്കോട്: കോർപറേഷൻ ആഭിമുഖ്യത്തിൽ നഗരത്തിലെ കക്കൂസ് മാലിന്യം വാഹനത്തിൽ കൊണ്ടുപോയി മെഡിക്കൽ കോളജിലെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കാനുള്ള പദ്ധതിയൊരുങ്ങി. ജൂൺ അഞ്ച് മുതൽ മാലിന്യം കൊണ്ടുപോവാനുള്ള വാഹനങ്ങൾ നിരത്തിലിറക്കാനാണ് കോർപറേഷൻ ശ്രമം.
പദ്ധതിയിലേക്കുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. പത്തിലേറെ വാഹനങ്ങളാണ് ഇതിനായി കോർപറേഷൻ പരിധിയിൽ ഓടുക.
നേരത്തേ കക്കൂസ് മാലിന്യം സംഭരിച്ച് കൊണ്ടുപോയിരുന്നവരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ മിക്കവരും. ആവശ്യക്കാർ ആപ് വഴി പൊതുവായ നമ്പറിൽ രജിസ്റ്റർ ചെയ്താൽ പണമടക്കുന്നതടക്കം കോർപറേഷൻ വക അക്കാണ്ടിലേക്ക് പോവും. മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ച് കഴിഞ്ഞാൽ എല്ലാ ശനിയാഴ്ചയും വാഹനമുടമകൾക്ക് പണം നൽകുന്ന വിധമാണ് സംവിധാനം. ഇതോടെ അനധികൃതമായി മാലിന്യം ലോറിയിൽ കൊണ്ടുപോയി ഒഴിഞ്ഞയിടങ്ങളിൽ തുറന്നുവിടുന്നത് ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.
നമസ്തേ (നാഷനൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം) എന്ന കേന്ദ്ര പദ്ധതിയിൽ പെടുത്തിയാണ് സംവിധാനം ഒരുക്കുന്നത്. നഗരത്തിൽ അയൽ ജില്ലകളിൽനിന്ന് പോലും വാഹനങ്ങളെത്തി ദിവസേന കക്കൂസ് മാലിന്യം ശേഖരിച്ച് ഒഴിഞ്ഞയിടങ്ങളിൽ തള്ളുന്നത് വ്യാപകമാണ്. മുമ്പ് കോർപറേഷൻ കക്കൂസ് മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് യോഗം വിളിച്ചപ്പോൾ 84 പേർ എത്തിയിരുന്നു.
ഇതിൽ 11 എണ്ണം കോഴിക്കോട്ടുള്ള വണ്ടികളായിരുന്നു. ഇവർക്കാണ് പ്രത്യേക ലൈസൻസും പരിശീലനവും നൽകിക്കഴിഞ്ഞത്. ഒരേ നിറത്തിൽ പെയിന്റടിച്ച വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ആവിക്കൽ, കോതി മലിനജല സംസ്കരണ പ്ലാന്റുകൾ നിർമാണം പൂർത്തിയാകേണ്ട സമയമായിട്ടും പ്രതിഷേധം കാരണം തുടങ്ങാനാവാതെ അമൃത് രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സരോവരത്ത് മറ്റൊരു പ്ലാന്റിനും പദ്ധതിയുണ്ട്.
ഇവ യാഥാർഥ്യമായാൽ അവയിലും പുതിയ പദ്ധതി വഴി കക്കൂസ് മാലിന്യം എത്തിച്ച് സംസ്കരിക്കാനാവും. അതിനുമുമ്പ് ഇപ്പോൾ ഉദ്ഘാടനംചെയ്ത മെഡിക്കൽ കോളജ് പ്ലാന്റ് പരമാവധി ഉപയോഗപ്പെടുത്താനാണ് കോർപറേഷൻ ശ്രമം. മറ്റ് പ്ലാന്റുകളുടെ പണി പൂർത്തിയായാലേ നഗരത്തിന്റെ ആവശ്യത്തിനനുസരിച്ച് സംസ്കരണം നടത്താനാവൂവെന്ന് അധികൃതർ പറഞ്ഞു.
ഫീസ് നിരക്ക്
6000 മുതൽ 15,001 ലിറ്ററിന് മുകളിൽ വരെ ടാങ്ക് ശേഷിയുള്ള വാഹനങ്ങൾക്ക് 3000 രൂപ മുതൽ 10,000 രൂപ വരെ ലൈസൻസ് ഫീസ് ഈടാക്കാൻ കോർപറേഷൻ കൗൺസിൽ യോഗം കഴിഞ്ഞ ദിവസം അനുമതി നൽകി.
വീട്ടുകാരും സ്ഥാപനങ്ങളും 6000 ലിറ്റർ വരെയുള്ളതിന് 4750 രൂപ, 10,000 വരെയുള്ളതിന് 6000 രൂപ, 15,000 വരെ 8000 രൂപ, അതിന് മുകളിൽ വരുമ്പോൾ 11,000 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. 30 കിലോ മീറ്റർ ദൂരപരിധിയിലാണ് ഇത്രയും ഫീസീടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.