കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ; ‘ഡോക്ടർമാർക്കത് നിസ്സാരമായിരിക്കും, ഞങ്ങൾക്ക് മകളുടെ കാര്യമല്ലേ’
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാംവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ തെറ്റ് ബോധ്യപ്പെട്ടിട്ടും നിരുത്തരവാദപരമായാണ് ഡോക്ടർ പെരുമാറിയതെന്ന് പിതാവ് റാസിഖ്. ‘ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മണിക്കൂറുകളോളം ആശുപത്രിയിൽ ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയ ഡോക്ടറോ ജൂനിയർ ഡോക്ടർമാരോ കുട്ടിയെ ഒന്ന് വന്നുനോക്കുക പോലും ചെയ്തിട്ടില്ല. ഒരു പിഴവ് പറ്റിയാൽ ഡോക്ടറുടെ ഭാഗത്തുനിന്നു ഒരു ശ്രദ്ധ ഉണ്ടാവേണ്ടതല്ലേ?. അതുണ്ടായില്ല. അവർ അതിനെ നിസ്സാരമായാണ് കണ്ടത്.
സാധാരണ നടക്കുന്ന മൈനർ സർജറിയാണ് നടന്നതെന്നും കുഴപ്പമൊന്നും ഉണ്ടാകില്ല എന്നുമായിരുന്നു ഡോക്ടറുടെ നിലപാട്. മകൾക്ക് നാവിൽ കെട്ടുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത് എന്നുമാണ് ഡോക്ടർ പറഞ്ഞത്. മകൾക്ക് സംസാരത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ചികിത്സ തേടിയതും അതിനല്ല. പിന്നെ തങ്ങളുടെ അനുവാദമില്ലാതെ എങ്ങനെയാണ് കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയെന്ന് ചോദിച്ചപ്പോഴാണ് ഡോക്ടർ വീഴ്ച അംഗീകരിക്കാൻ തയാറായതെന്നും റാസിക് പറഞ്ഞു.
ഡോക്ടർമാർക്ക് ചിലപ്പോൾ ഇത് നിസ്സാരമായിരിക്കും. തങ്ങൾക്ക് മകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാണ്. തങ്ങളുടെ സമ്മതം കൂടാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഭാവിയിൽ കുട്ടിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അതിന്റെ ഉത്തരവാദിത്തം ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കായിരിക്കും എന്ന് എഴുതി നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ആദ്യം ഡോക്ടർ തയാറായിരുന്നില്ല. അതിന് തയാറായില്ലെങ്കിൽ തങ്ങൾ ആശുപത്രി വിട്ടുപോവില്ല എന്ന് പറഞ്ഞതോടെയാണ്, രക്ഷിതാക്കളുടെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ ഒ.പി ശീട്ടിൽ എഴുതിനൽകിയത്.
ഇത് കേസന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ കോളജ് പൊലീസിന് കൈമാറിയതായും പിതാവ് അറിയിച്ചു. നാവിന്റെ അടിഭാഗത്ത് രക്തം കട്ടകെട്ടി നിൽക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ശസ്ത്രക്രിയക്കു ശേഷവും കുട്ടിക്ക് സംസാരിക്കുന്നതിൽ പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈവിരലിലെ ആറാംവിരൽ നീക്കംചെയ്യാനെത്തിയ ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയത്.
ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ മനസ്സിലാക്കിയത്. പിന്നീട് കുട്ടിയെ വീണ്ടും തിയറ്ററിൽ കയറ്റി കൈയിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.