കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർവത്ര ആശയക്കുഴപ്പം
text_fieldsകോഴിക്കോട്: വ്യാപനം രൂക്ഷമായി തുടരുമ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർവത്ര ആശയക്കുഴപ്പം. കോവിഡ് നിയന്ത്രണങ്ങളിലെ പാളിച്ചകൾ തുടരുമ്പോൾ തന്നെ രോഗവുമായി ബന്ധപ്പെട്ട കണക്കുകൾ ഉൾപ്പെടെയുള്ളവയിൽ കൃത്യതയില്ലാത്ത അവസ്ഥയാണ്. ആസൂത്രണ മികവിൽ മാതൃകയായിരുന്ന ജില്ലയുടെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. പരാതിയും പരിഭവവും ആരോട് പറയണമെന്നറിയാതെ പൊതുജനവും.
'വിവരങ്ങൾ ആർക്കും തരില്ല'
കോവിഡ് ഒന്നും രണ്ടും തരംഗത്തിലടക്കം രോഗത്തിന്റെ വ്യാപനം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജില്ല ഭരണകൂടം പൊതുജനങ്ങൾക്ക് നൽകിയിരുന്നു. ഇന്ന് ആരോഗ്യവകുപ്പ് വിവരങ്ങൾ പുറത്തുവിടുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും സർക്കാർ ആശുപത്രികളിൽ നിന്നുമുള്ള പരിശോധന ഫലം കൃത്യമായി ആരോഗ്യവകുപ്പ് ശേഖരിക്കുന്നില്ലെന്നാണ് ആക്ഷേപം. കോവിഡ് ബാധിതരുടെ എണ്ണം തദ്ദേശസ്ഥാപനങ്ങുടെ അടിസ്ഥാനത്തിൽ നൽകുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമായിരുന്നു. എന്നാൽ മൂന്നാഴ്ചയായി ഇത്തരം കണക്കുകൾ ആരോഗ്യ വകുപ്പ് നൽകുന്നില്ല. മൊത്തം എത്രപേർ പോസിറ്റിവായി എന്നതിൽ ഒതുങ്ങുകയാണ് രോഗവിവരം. സംശയ നിവാരണത്തിന് ജില്ല മെഡിക്കൽ ഓഫിസറെ ബന്ധപ്പെടാൻ ശ്രമിച്ചാൽ ഫോണിൽ ലഭിക്കാത്ത സാഹചര്യവുമുണ്ട്. നിലവിൽ ടി.പി.ആർ കണക്കും ലഭ്യമല്ല. ആശുപത്രികളും മറ്റ് ചികിത്സകേന്ദ്രങ്ങളുടെ വിവരവും മാധ്യമങ്ങളിലൂടെ പുറത്തുവിടാൻ തയാറാവുന്നുമില്ല. എല്ലാം കോവിഡ് 19 വെബ്പോർട്ടലിൽ ഉണ്ടെന്നാണ് വിശദീകരണം.
സ്വകാര്യ ആശുപത്രികളെ ആര് നിയന്ത്രിക്കും?
കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികൾ ചികിത്സക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ശക്തമായ ഇടപെടലായിരുന്നു സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ, കോവിഡ് മൂന്നാം തരംഗം തുടരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ഇത്തരത്തിലുള്ള ഒരു പരിശോധനയും നടക്കുന്നില്ലെന്നാണ് പരാതി. കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ വലിയ നിരക്ക് ഈടാക്കുന്നുവെന്ന ആരോപണം ശക്തമാണ്. 2021 ജൂലൈയിലാണ് സ്വകാര്യ ആശുപത്രികളിലെ മുറികൾക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. പരമാവധി തുക ഈടാക്കാവുന്ന തരത്തിലായിരുന്നു പുതിയ ഉത്തരവ്. വിവിധ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ 2645 രൂപ മുതൽ 9776 രൂപ വരെയാണ് ഈ തുക. എന്നാൽ, ചില സ്വകാര്യ ആശുപത്രികൾ ഈ ഉത്തരവുകൾ കാറ്റിൽ പറത്തുകയാണെന്നാണ് ആക്ഷേപം.
നെഗറ്റിവായ ശേഷം വരും പോസിറ്റിവ്...
ആർ.ടി.പി.സി.ആർ പരിശോധന ഫലം ലഭിക്കാൻ ഒരു ദിവസത്തിലേറെയാണ് കാത്തിരിക്കേണ്ടി വരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുഖേന ശേഖരിക്കുന്ന സാമ്പ്ളുകളുടെ ഫലങ്ങളാണ് വൈകുന്നത്. പലയിടത്തും ഒരാഴ്ച കഴിഞ്ഞിട്ടും ഫലം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. പോസിറ്റിവാണെന്ന പരിശോധന ഫലം വരുമ്പോഴേക്കും രോഗി നെഗറ്റിവാകുന്ന സ്ഥിതിയാണ്. പരിശോധന ഫലം വൈകുന്നതോടെ രോഗം ഇല്ലാത്തവർ പോലും ക്വാറന്റീനിൽ തുടരേണ്ട അവസ്ഥയാണ്. ഫലം വൈകുന്നതിനാൽ പലരും സ്വകാര്യ ലബോറട്ടറികളിൽ വീണ്ടും പരിശോധന നടത്തുകയാണ്. മതിയായ ജീവനക്കാരെ നിയമിച്ച് പരമാവധി വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി നിർദേശം നൽകിയിരുന്നു. പരിശോധന ഫലം വൈകാതിരിക്കാൻ ജില്ലതല സംഘത്തെ നിയോഗിച്ചതായും അവർ പറഞ്ഞു. പക്ഷെ, ഇപ്പോഴും ഒന്നിനും മാറ്റമില്ല.
ജീവനക്കാരുടെ കുറവും രോഗ വ്യാപനവും
കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ജീവനക്കാർക്കിടയിൽ രോഗവ്യാപനം കൂടുകയാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 150 ഓളം ആരോഗ്യ പ്രവർത്തകരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ പകുതിയോളം പേർ ഡോക്ടർമാരാണ്. തിങ്കളാഴ്ച 18 ഡോക്ടർമാർ ഉൾപ്പെടെ 28 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അടിയന്തരമായി 250 ജീവനക്കാരെ നിയമിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർക്കും കോളജ് പ്രിൻസിപ്പൽ കത്ത് നൽകിയിട്ടുണ്ട്.
ഇതിനിടെ, എൻ.എച്ച്.എം മുഖേന വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ച 24 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ കോളജിലേക്ക് ജോലിക്കായി മാറ്റിയിട്ടുണ്ട്. ജില്ല കോവിഡ് ആശുപത്രിയിൽ രോഗികളുടെ എണ്ണം 240 ആയി ഉയർന്നു. ഏഴ് വാർഡിലും മൂന്ന് ഐ.സി.യുവിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. ഗുരുതര സാഹചര്യം മുന്നിൽ കണ്ട് 18 രോഗികളെ കിടത്താവുന്ന മറ്റൊരു ഐ.സി.യുവും ആശുപത്രിയിൽ സജ്ജമാക്കുന്നുണ്ടെങ്കിലും ജീവനക്കാരില്ലാത്തത് ആശയക്കുഴപ്പത്തിലാക്കുകയാണ്. 639 കോവിഡ് ബ്രിഗേഡ് ജീവനക്കാരെ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇവിടേക്ക് നിയമിച്ചെങ്കിലും ഒക്ടോബറോടെ ഇവരെയെല്ലാം പിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.