ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കും - മന്ത്രി മുഹമ്മദ് റിയാസ്
text_fieldsബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വീതി, ഡ്രെയിനേജ്, ഡിവൈഡര്‍ എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന്‍ സംവിധാനത്തിലൂടെ മാത്രമേ കേരളത്തില്‍ പുതിയ റോഡുകള്‍ നിർമിക്കാവൂ എന്നതീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ നിർമാണം 2025 ഓടെ പൂര്‍ത്തിയാവും. മലയോരപാത, തീരദേശപാത എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഒമ്പതു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബാലുശ്ശേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് വികസനസെമിനാര്‍ സംഘടിപ്പിച്ചത്. മണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വരുംവര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പൊതുവികസന പദ്ധതികളെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു.
മണ്ഡലത്തില്‍ ഏറെ സാധ്യതയുള്ള ടൂറിസം വികസനം ഓരോ പ്രദേശത്തിനും അനുയോജ്യമായരീതിയില്‍ സാധ്യമാക്കുന്നത് ചര്‍ച്ചാവിഷയമായി. എയിംസ്, പൊതുമരാമത്ത് റോഡുകളുടെ വികസനം മുന്‍ഗണനാടിസ്ഥാനത്തില്‍ സാധ്യമാക്കുക, ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ തനത് പദ്ധതികള്‍ നടപ്പിലാക്കുക, മണ്ഡലത്തിലെ കാര്‍ഷികമേഖലയില്‍ മികച്ച ഉല്പാദനം ഉറപ്പുവരുത്തുന്നതിനായി ജലനിയന്ത്രണവും ജലസേചനവും ഉറപ്പുവരുത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
അഡ്വ. കെ.എം. സചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തോണിക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കിയ ബ്രോഷര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുന്‍ എം.എല്‍.എ പുരുഷന് കടലുണ്ടിക്ക് നല്കി പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. കുട്ടികൃഷ്ണന്, സി.കെ. ശശി, ടി.പി. ദാമോദരന്‍ മാസ്റ്റര്‍, രൂപലേഖ കൊമ്പിലാട്, സി.എച്ച്. സുരേഷ്, ഷീബ രാമചന്ദ്രന്, പോളി കാരക്കട, സി. അജിത, ഇന്ദിര ഏറാടിയിൽ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, മണ്ഡലം വികസനസമിതി അധ്യക്ഷന്‍ ഇസ്മയില്‍ കുറുമ്പൊയില്‍, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.