ബീച്ചിൽ ലോറിസ്റ്റാൻഡിനു സമീപം വിനോദനഗരം പദ്ധതി; കോഴിക്കോട്ടെ ബീച്ചുകളെ കൂട്ടിയിണക്കും
text_fieldsകോഴിക്കോട്: ബീച്ചിൽ നീന്തൽകുളം പദ്ധതി പാതിവഴിയിലായ ഭൂമിയിൽ വിനോദ-വിജ്ഞാനകേന്ദ്രം വരും. നവീകരിച്ച സൗത്ത് ബീച്ചിനോടു ചേർന്ന രണ്ടര ഏക്കർ ഭൂമിയിലാണ് പദ്ധതി. ഇതിനായി മാരിടൈം ബോർഡ് സമ്മതപത്രം ക്ഷണിച്ചു. ബീച്ചിലെത്തുന്ന സന്ദർശകരുടെ തിരക്ക് കുറക്കാൻകൂടിയാണ് പദ്ധതി. പതിറ്റാണ്ട് മുമ്പാണ് ഈ ഭൂമിയിൽ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നീന്തൽകുളം പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചത്.
സാങ്കേതികകാരണങ്ങളാൽ പദ്ധതി മുടങ്ങി. വലിയ ചുറ്റുമതിലിനുള്ളിൽ രണ്ടര ഏക്കർ ഭൂമി വെറുതെ കിടന്നതോടെ ഇവിടം സാമൂഹികദ്രോഹികൾ താവളമാക്കി. പരിസരത്ത് ലോറിസ്റ്റാൻഡുള്ളതിനാൽ അതിന്റെ മറവിൽ കിടക്കുകയാണ് കണ്ണായ ഭൂമി. ആയിരക്കണക്കിന് സന്ദർശകരുള്ള ബീച്ചിൽ ശാപമോക്ഷം തേടുകയായിരുന്നു പദ്ധതിപ്രദേശം. ഇവിടെനിന്ന് ലോറിസ്റ്റാൻഡ് മാറ്റിയാണ് പദ്ധതി നടപ്പാക്കുകയെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ 'മാധ്യമ'ത്തോടു പറഞ്ഞു.
തിരക്കിൽ വീർപ്പുമുട്ടുന്ന ബീച്ചിൽ സന്ദർശകർക്ക് ആശ്വാസംപകരാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിനകം താൽപര്യപത്രം ഓഫിസിൽ ലഭിക്കണമെന്ന് മാരിടൈം ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെടണം. അതിനിടെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ലയൺസ് പാർക്ക് കോഴിക്കോട് കോർപറേഷൻ നവീകരിക്കുകയോ അല്ലെങ്കിൽ തുറമുഖ വകുപ്പിന് തിരിച്ചേൽപിക്കുകയോ ചെയ്യണമെന്ന് നിർദേശം നൽകിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലയൺസ് ക്ലബിനായിരുന്നു പാർക്ക് നിർമാണത്തിന് കോർപറേഷൻ അനുമതി നൽകിയത്. അവരുമായുള്ള കരാർ കഴിഞ്ഞിരിക്കയാണ്.
കോഴിക്കോട് ബീച്ചുകളെ കൂട്ടിയിണക്കുന്ന ബൃഹദ് പദ്ധതി തയാറായിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. മുഖദാർ മുതൽ ഭട്ട് റോഡ് വരെ നീണ്ടുകിടക്കുന്ന വലിയ ബീച്ചായി മാറും ഭാവിയിൽ കോഴിക്കോട് ബീച്ച്. നിലവിൽ വരയ്ക്കലും ഭട്ട് റോഡിലും ബീച്ച് നവീകരണം നടന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.