ടൗൺഹാൾ ഈ മാസം തന്നെ തുറക്കും
text_fieldsകോഴിക്കോട്: നവീകരണം കഴിഞ്ഞ് ടൗൺഹാൾ ഈ മാസം തുറക്കും. കസേരകൾ നിർമിക്കുന്ന ജോലി പൂർത്തിയാകാത്തതിനാലാണ് പുതുവത്സരത്തിനുമുമ്പ് നിശ്ചയിച്ച ഹാൾ തുറക്കൽ നീണ്ടതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.
കസേരകൾ പിന്നോട്ട് പോകുന്നതിനനുസരിച്ച് ഉയരം കൂടുന്നവിധം സജ്ജീകരിക്കേണ്ടതിനാൽ നേരിട്ട് സ്ഥാപിക്കാൻ പറ്റാത്തതാണ് പ്രശ്നം. നേരത്തേയുള്ള പ്ലാസ്റ്റിക് കസേരകൾക്ക് പകരമാണ് പുതിയത് മാറ്റിസ്ഥാപിക്കുന്നത്. കണ്ടംകുളം ജൂബിലി ഹാളിലെയത്ര വലുപ്പമില്ലെങ്കിലും കസേരകൾ പരമാവധി മികച്ചതാക്കും. 300ൽ താഴെ കസേര ഇടാനാണ് ഹാളിൽ സൗകര്യമുള്ളത്. സ്റ്റേജ്, കർട്ടൻ എന്നിവ നന്നാക്കൽ പൂർത്തിയാക്കിക്കഴിഞ്ഞു.
കസേര നന്നാക്കിക്കഴിഞ്ഞാൽ തുറക്കാനാവും. 15 ദിവസത്തിനകം തീരുമെന്നാണ് കരുതുന്നത്. സ്റ്റേജിന് സമീപമുള്ള ശുചിമുറിയും നന്നാക്കിയിട്ടുണ്ട്. ടൗൺഹാൾ നവീകരണം അവലോകനം ചെയ്യാൻ ശനിയാഴ്ച യോഗം ചേർന്നു. ടൗൺഹാളടക്കം മാനാഞ്ചിറക്ക് ചുറ്റുമുള്ള പ്രദേശം പൈതൃക വീഥിയാക്കാൻ കോർപറേഷൻ ബജറ്റിൽ നിർദേശമുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ടൗൺഹാളടക്കമുള്ള കെട്ടിടങ്ങൾ നവീകരിച്ച് ശുചിയോടെ പരിപാലിക്കുമെന്നാണ് വാഗ്ദാനം. ഇതിന്റെ ഭാഗമായി ടൗൺഹാൾ നവീകരിക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയിരുന്നു. 1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ ജൂബിലി ആഘോഷ ഭാഗമായാണ് ടൗൺഹാൾ ഉയർന്നത്. നഗരത്തിൽ സാംസ്കാരിക പരിപാടികൾക്ക് തടസ്സമായി ടൗൺഹാളും ടാഗോർ ഹാളും അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ പണി പെട്ടെന്ന് തീർക്കുമെന്ന് കലാ സാംസ്കാരിക പ്രവർത്തകർക്ക് മേയർ ഡോ. ബീന ഫിലിപ്പിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.