ടി.പി വധം: പ്രതികളുടെ ഗുണ്ട-ക്വട്ടേഷൻ ബന്ധങ്ങളിലേക്ക് വിരൽചൂണ്ടി അടിക്കടി കേസ്
text_fieldsകോഴിക്കോട്: ആർ.എം.പി.ഐ നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ഗുണ്ട-ക്വട്ടേഷൻ ബന്ധങ്ങളിലേക്ക് വീണ്ടും വിരൽചൂണ്ടി ടി.കെ. രജീഷിന്റെ അറസ്റ്റ്. കർണാടക പൊലീസാണ് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലെത്തി ടി.പി കേസിലെ നാലാം പ്രതിയായ രജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും കർണാടകയിൽ കൊണ്ടുപോയി ചോദ്യംചെയ്തതും.
അടുത്തിടെ ബംഗളൂരുവിൽ തോക്കുമായി രണ്ടുപേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടി.കെ. രജീഷ് ആവശ്യപ്പെട്ടപ്രകാരമാണെന്ന് മൊഴി ലഭിച്ചത്. ഇതോടെ കോടതി ഉത്തരവുമായെത്തിയാണ് കർണാടക പൊലീസ് രജീഷിനെ കൊണ്ടുപോയത്. കേസിൽ അന്വേഷണം തുടരുകയാണ്.
കൊലക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി എന്തിനാണ് കേരളത്തിലേക്ക് തോക്കെത്തിക്കാനാവശ്യപ്പെട്ടതെന്നതാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. ആയുധക്കടത്തുമായി ബന്ധപ്പെട്ട് ജയിലിനുള്ളിൽ ആസൂത്രണം നടന്നോയെന്നും പരിശോധിക്കുന്നുണ്ട്.
ടി.പി കേസിലെ പ്രതികൾ ജയിലിനുള്ളിൽ നിന്നുപോലും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നത് ഇത് ആദ്യമല്ല. കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർ സ്വർണക്കടത്ത് സംഘങ്ങളിൽനിന്ന് സ്വർണം തട്ടിയെടുക്കുന്നത് ആസൂത്രണംചെയ്തതുമായി ബന്ധപ്പെട്ട് നിയമനടപടി നേരിട്ടവരാണ്.
കൊടി സുനിക്കെതിരെ നല്ലളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് വിയ്യൂർ ജയിലിലെത്തി ഇയാളെ ചോദ്യം ചെയ്യുകയുമുണ്ടായി. കണ്ണൂർ ചൊക്ലി സ്വദേശി ഗൾഫിൽനിന്ന് കരിപ്പൂരിലെത്തിച്ച സ്വർണം വീട്ടിലേക്ക് കൊണ്ടുപോകവേ നല്ലളം പൊലീസ് പരിധിയിൽനിന്ന് പന്തീരാങ്കാവിലെ നാലു യുവാക്കൾ വാഹനം തടഞ്ഞ് തട്ടിയെടുത്തിരുന്നു.
ബാഗ് കവർന്നെന്ന പ്രവാസിയുടെ പരാതിയുടെ അന്വേഷണത്തിൽ നഷ്ടമായത് കള്ളക്കടത്ത് സ്വർണമാണെന്ന് കണ്ടെത്തുകയും പിന്നീട് കവർച്ചക്കാരായ നാലുപേരും പിടിയിലാവുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ സ്വർണം കുപ്രസിദ്ധ മോഷ്ടാവ് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്തിന് കൈമാറിയെന്നായിരുന്നു മൊഴി.
കേസിൽ കാക്ക രഞ്ജിത്ത് പിന്നീട് അറസ്റ്റിലായെങ്കിലും ജയിൽശിക്ഷ അനുഭവിക്കവേ താൻ കൊടി സുനിയെ പരിചയപ്പെട്ടെന്നും അയാൾ പറഞ്ഞപ്രകാരമാണ് കവർച്ച നടത്തിയതെന്നും കൊല്ലം സ്വദേശി രാജേഷ് ഖന്നക്കാണ് സ്വർണം കൈമാറിയതെന്നും വ്യക്തമായി.
കേസിൽ രജേഷ് ഖന്നയും പിന്നീട് പിടിയിലായി. അന്വേഷണം കവർച്ച ആസൂത്രണംചെയ്ത കൊടി സുനിയിലേക്ക് നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതും കേസ് തന്നെ ഇല്ലാതാവുന്നതുമാണ് പിന്നീട് കണ്ടത്. കൊടുവള്ളി സ്വദേശിയായ പ്രവാസിയെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും കൊടി സുനിക്കെതിരെ കേസുണ്ടായിരുന്നു.
ടി.പി കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ഷാഫിക്ക് കരിപ്പൂർ സ്വർണക്കടത്ത്-ക്വട്ടേഷൻ കേസിൽ പങ്കുള്ളതായി പിടിയിലായവർ മൊഴിനൽകുകയും അന്വേഷണസംഘം ഇയാളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ടി.പി കേസിലെ മറ്റൊരു പ്രതി കിർമാണി മനോജ് വയനാട്ടിലെ ലഹരിപാർട്ടിയിൽനിന്ന് പിടിയിലാവുകയും ചെയ്തിരുന്നു.
ജയിലിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിക്കുകയും എല്ലാ പ്രതികളും ഒരുമിച്ചുനിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുകയും ചെയ്തതടക്കം കുറ്റങ്ങൾ വേറെയുമുണ്ട്. അവസാനമാണിപ്പോൾ രജീഷിനെ തോക്കുകടത്ത് കേസിൽ അറസ്റ്റ് ചെയ്യുന്നത്. ടി.കെ. രജീഷ് കേരളത്തിലേക്ക് തോക്കുകടത്താൻ ശ്രമിച്ചെന്ന കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.