സബ്വേയിൽ ഇനി വ്യാപാരവും
text_fieldsകോഴിക്കോട്: നവീകരിച്ച പാളയം സബ്വേ തുറക്കാനൊരുങ്ങുന്നു. നിർമാണങ്ങൾ പൂർത്തിയാക്കി നവംബറിൽ തുറക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വേണ്ടി മാത്രമാവില്ല പുതിയ സബ്വേ. കച്ചവടക്കാർക്കുള്ള നാല് കിയോസ്കുകളും മറ്റും സ്ഥാപിച്ച് ചെറിയ വാണിജ്യകേന്ദ്രമായാണ് മാറ്റം. സബ്വേക്കകത്താവും കടകൾ.
ഇതിനായുള്ള അറ്റകുറ്റപ്പണികൾ ഏറക്കുറെ പൂർത്തിയായി. വെള്ളം കയറി മലിനമായിക്കിടന്ന തറയിൽ ടൈലുകൾ നിരത്തി വൃത്തിയാക്കി. മേൽക്കൂര, ലൈറ്റ് സംവിധാനം എന്നിവയും ഒരുങ്ങി.
കവാടത്തിലെ പഴയ ഇരുമ്പ് വാതിലും ഗ്രില്ലും മാറ്റി പുതുമോടി വരുത്തി. കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഓവുചാലിൽ വെള്ളം നിറഞ്ഞ് മഴക്കാലത്ത് സബ്വേക്കകത്ത് എത്തുന്നത് പമ്പ് ചെയ്ത് ഒഴിവാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ചുമരിൽ ചിത്രങ്ങൾ തയാറാക്കുന്ന പണിയാണ് നടക്കുന്നത്. 10 കൊല്ലത്തേക്ക് സബ്വേ പരിപാലിക്കാൻ 'മാക് സോള്‍ ആഡ് സൊലൂഷന്‍സ്' എന്ന കമ്പനിക്കാണ് കോർപറേഷൻ കരാർ നൽകിയത്.
ജങ്ഷനിൽ നാല് കവാടത്തിലും പരസ്യബോർഡുകളിൽ പരസ്യം വക്കാനുള്ള അവകാശം കരാറുകാർക്ക് കിട്ടും. സുരക്ഷാജീവനക്കാരെയും കമ്പനി നിയോഗിക്കും. മാസം നിശ്ചിത സംഖ്യ പരസ്യത്തിന് കോർപറേഷന് നൽകണം.
1979-80 കാലത്താണ് നഗരത്തിൽ പുതുമ സൃഷ്ടിച്ച് സബ്വേ തുറന്നത്. അന്നത്തെ മുഖ്യ ലൈൻ ബസ്സ്റ്റാൻഡായിരുന്ന ജയന്തി ബില്‍ഡിങ്ങിലും അതിനോടനുബന്ധിച്ച ഭാഗങ്ങളിലും തിരക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
മേലേ പാളയം, താഴെ പാളയം, കല്ലായ് റോഡ്, മൊയ്തീന് പള്ളി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന സബ്വേ സംസ്ഥാനത്തെ ആദ്യത്തെ ഇത്തരം പദ്ധതിയായിരുന്നു.
സിറ്റിയിൽ ആദ്യമായി ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച കവലയിലെ വൻതിരക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. മാവൂർറോഡിൽ മൊഫ്യൂസിൽ സ്റ്റാൻഡ് വരുകയും ജങ്ഷൻ വീതികൂട്ടുകയും ചെയ്തതോടെ സബ്വേ റോഡിന് നടുവിൽ തടസ്സമായി മാറി. ഉപയോഗം കുറഞ്ഞ് 1996ല്‍ അടച്ച് പൂട്ടിയ സബ്വേ 2014 ഡിസംബറില്‍ ഭാഗികമായി തുറന്നെങ്കിലും താമസമില്ലാതെ പൂട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.