രൂപം മാറ്റി കച്ചവടം; നിയന്ത്രണ രേഖയിലും സ്ഥാപനങ്ങൾ തുറക്കാം
text_fieldsനാദാപുരം: നിയന്ത്രണങ്ങളിൽ കടകൾ തുറക്കാൻ വ്യാപാരികൾ പാടുപെടുമ്പോൾ പുതിയ വഴിയിലൂടെയും കട തുറക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം. നാദാപുരം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് വിചിത്ര കച്ചവടം. കോവിഡ് നിയന്ത്രങ്ങങ്ങളുടെ പേരിൽ മാസങ്ങളായി ടൗണിലെ വ്യാപാരകേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. അവശ്യസാധന വിൽപനകേന്ദ്രങ്ങൾ, മരുന്നുകടകൾ, നിയന്ത്രണങ്ങളോടുകൂടി ഹോട്ടലുകൾ എന്നിവക്കാണ് സർക്കാർ തുറക്കാനുള്ള ഇളവ് നൽകിയിരിക്കുന്നത്.
എന്നാൽ, നിയന്ത്രണങ്ങളെ മറികടന്നും നിരോധിതപ്പട്ടികയിലുള്ള കടകൾ തുറന്നുപ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നാദാപുരത്തെ ഒരു ഹോം അപ്ലയൻസ് സ്ഥാപനം. നിലവിലെ ലൈസൻസിനൊപ്പം ഭക്ഷ്യവസ്തു വിൽപനയുടെയും അവശ്യസാധനങ്ങൾ വിൽക്കാനുമുള്ള ലൈസൻസ് കരസ്ഥമാക്കിയാൽ എല്ലാ നിയമങ്ങളും മറികടക്കാം. സ്ഥാപനത്തിന് മുന്നിൽ ഏതാനും തട്ടുകൾ കൂട്ടി ഏതാനും പഴങ്ങൾ വിൽപനക്കായി സൂക്ഷിക്കുകയാണ്. ഇതോടെ സ്ഥാപനം അവശ്യവസ്തു വിൽപന കേന്ദ്രത്തിെൻറ പട്ടികയിലേക്ക് മാറി. പുറത്ത് പഴങ്ങളുടെയും അകത്ത് ഗൃഹോപകരണങ്ങളുടെ വിൽപനയും. സ്ഥാപനത്തിന് പഞ്ചായത്ത് ഇതിനായി ലൈസൻസ് നൽകുകയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തന്നെ കഴിഞ്ഞദിവസം ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നിർവഹിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ ആദ്യവിൽപന സ്വീകരിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്താണ് ഈ മറിമായം.
മറ്റു വ്യാപാരികളും ഈയൊരു വഴി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. വ്യാപാരികളെ ഈയൊരു ദുരവസ്ഥയിലേക്ക് എത്തിച്ചത് സർക്കാറാണെന്നും തെറ്റായ ടി.പി.ആർ നിർണയത്തിെൻറ പേരിലുള്ള അടച്ചിടൽ വ്യാപാരികളുടെ നടുവൊടിച്ചിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.കെ. ഇഖ്ബാൽ പറഞ്ഞു. വാടക നൽകാനാവാത്തതിെൻറ പേരിൽ നിരവധി വ്യാപാരികൾ കെട്ടിടം ഒഴിയൽ ഭീഷണിയിൽ ആണെന്നും ഉടമകൾ കച്ചവടക്കാർക്കെതിരെ കോടതിനടപടികൾ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.