വെള്ളപ്പൊക്കം തടയാൻ വ്യാപാരികൾ ബണ്ട് കെട്ടി
text_fieldsകുറ്റ്യാടി: മഴക്കാലത്ത് തുടർച്ചയായി വെള്ളം കയറുന്നതിനാൽ യതീംഖാന റോഡിലെ വ്യാപാരികൾ ബണ്ട് കെട്ടി. എം.ഐ.യു.പി സ്കൂൾ ഗ്രൗണ്ടിൽനിന്ന് യതീംഖാന റോഡിലേക്കുള്ള രണ്ട് നടപ്പാതകളിലുമാണ് ബണ്ട് കെട്ടിയത്. വയനാട് റോഡിലെ വെള്ളം ഓവുചാൽ കവിഞ്ഞ് സ്കൂൾ ഗ്രൗണ്ട് വഴി യതീംഖാന കോംപ്ലക്സിലെ നടപ്പാതകളിലൂടെ യതീംഖാന റോഡിലും നടപ്പാതകളിലും നിറയുകയാണ്.
യതീംഖാന റോഡിലെ ഓവുചാലുകൾ ഉൾക്കൊള്ളാനാവാത്തത്രയും വെള്ളം വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തി എല്ലാവർഷവും കടകളിൽ കയറുകയാണെന്നും ഗത്യന്തരമില്ലാതെയാണ് ബണ്ട് കെട്ടിയതെന്നും വ്യാപാരികൾ പറഞ്ഞു.
വിവിധ ഭാഗങ്ങളിൽനിന്ന് മാലിന്യവും ഒഴുകിയെത്തുന്നു. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും ടൗണിൽ മൂന്ന് റോഡുകളിൽ വെള്ളം കയറി. എന്നാൽ, ബണ്ട് കാരണം എം.ഐ.യു.പി സ്കൂൾ ഗ്രൗണ്ടിൽ വെള്ളം കയറുന്നതിനാൽ നടപടിയെടുക്കണമെന്ന് സ്കൂൾ മാനേജ്മെന്റ് ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. വയനാട് റോഡിലെ വ്യാപാരികളും ബണ്ടിനെതിരെ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾക്ക് പരാതി നൽകിയിട്ടുണ്ട്. വയനാട് റോഡിലെ ഓവുചാൽ നിർമാണം തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഓവുനിർമാണം പൂർത്തിയായാൽ വെള്ളം പെട്രോൾ പമ്പിന് സമീപത്തെ ഓവുചാൽ വഴി സിറാജുൽഹുദ കോംപ്ലക്സിനിടയിലെ തോട് വഴി പുഴയിൽ എത്തിക്കാമായിരുന്നു. കൂടാതെ പെട്രോൾ പമ്പിനുസമീപം വയനാട് റോഡിനുകുറുകെ നിർമിച്ച ഓവുപാലവും മണ്ണടിഞ്ഞ് കിടപ്പാണ്. ഇതിലെ തടസ്സങ്ങൾ നീക്കാൻ പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.