തിങ്കളാഴ്ച മുതൽ നിയന്ത്രണം ലംഘിച്ച് കട തുറക്കുമെന്ന് വ്യാപാരികൾ
text_fieldsകോഴിക്കോട്: തിങ്കളാഴ്ച മുതൽ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പങ്കെടുത്ത യോഗമാണ് കടതുറക്കൽ സമരം പ്രഖ്യാപിച്ചത്. പ്രതിവാര കോവിഡ് വ്യാപനക്കണക്കിെൻറ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻറ് സോണുകൾ തീരുമാനിച്ചതോടെ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്.
ജൂലൈ 26ന് മിഠായിത്തെരുവിൽ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക് നോക്കി നിയന്ത്രണം നടപ്പാക്കാൻ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകൾ തുറക്കാൻ കഴിയാത്ത സാഹര്യമായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കലക്ടർക്ക് നിവേദനം നൽകും. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്, അഷ്റഫ് മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.
കണ്ടെയിന്മെൻറ് സോണില്‍ പൊതുഗതാഗതം നിരോധിച്ചു
കോഴിക്കോട്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ലോക്ഡൗൺ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലൂടെയും കണ്ടെയിന്മെൻറ് സോണുകളിലൂടെയുമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലെ ദേശീയപാതകളിലൂടെയും സംസ്ഥാനപാതകളിലൂടെയും കടന്നുപോകുന്ന ബസുകളും മറ്റു പൊതുവാഹനങ്ങളും ഈ പ്രദേശങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.ലോക്ഡൗൺ, കണ്ടെയിന്മെൻറ് സോണുകളില്‍നിന്ന് യാത്ര ആരംഭിക്കുന്ന ബസുകള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്ന് യാത്ര തുടങ്ങണം. ഇവിടെ തന്നെ യാത്ര അവസാനിപ്പിക്കുകയും ചെയ്യണം.നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ ഉള്ള യാത്ര നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍, ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍, കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ എന്നിവരെ 2005ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ 26, 34 പ്രകാരം ചുമതലപ്പെടുത്തിയാണ് ഉത്തരവിട്ടത്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാനും ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുമാണ് നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.