പരമ്പരാഗത വ്യവസായം തളർച്ചയിൽ
text_fieldsപ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യം നാടിന് ഒരു സാധ്യതയാണ്. മലയോരവും തീരദേശവും ഉൾപ്പെടുന്ന മേഖലയിൽ ക്രിയാത്മകമായി വിനോദസഞ്ചാര വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയാൽ വലിയ ഗുണം ചെയ്യും. അതേസമയം, പ്രകൃതി ക്ഷോഭങ്ങൾ ഉറക്കം കെടുത്തുന്ന പ്രദേശവാസികളുടെ ആശങ്കക്കും അറുതി വേണം. കൃഷി, പരമ്പരാഗത വ്യവസായം എന്നിവ നേരിടുന്ന വെല്ലുവിളികൾ അവഗണിച്ച് മുന്നോട്ടു പോകാനാവില്ല
കയർപിരി, കക്കവാരൽ, ഓട് നിർമാണം, മത്സ്യബന്ധനം എന്നീ മേഖലകളിലൂടെ പുറംനാടുകളിൽവരെ പ്രശസ്തിയാർജിച്ച മണ്ഡലമാണ് ബേപ്പൂർ. ഒരു കാലത്ത് 18ഓളം ടൈൽ ഫാക്ടറികളിലായി പതിനായിരത്തോളം തൊഴിലാളികൾ നേരിട്ടും അത്രതന്നെ ആളുകൾ പരോക്ഷമായും ജോലിചെയ്തിരുന്ന ഓടുവ്യവസായ മേഖല ആകെ തളർന്നു.
ഇപ്പോൾ പ്രവർത്തിക്കുന്ന ഏക ടൈൽസ് ഫാക്ടറി കോമൺവെൽത്ത് മാത്രം. മണ്ഡലത്തിൽ തൊഴിൽ നികുതി ഉൾപ്പെടെ വലിയ തുക നികുതിയിനത്തിലും മറ്റുമായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്ന വരുമാനമാർഗമാണ് ഓട്ടുകമ്പനികൾ പൂട്ടിയതോടെ നിന്നുപോയത്.
- ചാലിയം ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തനം ഇനിയും ആരംഭിക്കാത്തതിന്റെ ആശങ്ക മത്സ്യത്തൊഴിലാളികൾ പങ്കുവെക്കുന്നു. വനംവകുപ്പ് സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നം
- ആഴക്കടൽ മത്സ്യബന്ധനത്തിന് ഉൾപ്പെടെ യഥേഷ്ടം ബോട്ടുകൾ കടലിൽ പോകുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമല്ലാത്ത സ്ഥിതിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ രക്ഷക്കു മാത്രമായി ബേപ്പൂർ ഹാർബറിൽ സർക്കാറിന്റെ നേവി ബോട്ട് ക്രമീകരിച്ചുനിർത്തണമെന്നാണ് ആവശ്യം
- ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് സർവിസ് നടത്തിയിരുന്ന രണ്ടു യാത്രാകപ്പലുകൾ സർവിസ് നിർത്തിയത് തിരിച്ചടി. ദ്വീപിലേക്ക് പശുക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്
- സർക്കാർ അനുവദിക്കുന്ന മിക്ക ഫണ്ടുകളും യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി തദ്ദേശസ്ഥാപനങ്ങളിലെ ഭരണകർത്താക്കൾ ഉന്നയിക്കുന്നു
- കുടിവെള്ളപ്രശ്നത്തിന് ജപ്പാൻ പദ്ധതിയുടെ വരവോടെ ഏറെ പരിഹാരമായി
- വിവിധയിടങ്ങളിൽ വിനോദസഞ്ചാരപദ്ധതികൾ ആവിഷ്കരിച്ചു
- ചാലിയം മുതൽ കടലുണ്ടി കടവ് വരെ ഭാഗങ്ങളിൽ കടൽഭിത്തി യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനാൽ കാലവർഷങ്ങളിൽ ദുരിതം
- കടലുണ്ടി റെയിൽവേ മേൽപാലത്തിന് അന്തിമരൂപമായി. സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തി അലൈൻമെന്റ് തയാറാക്കി അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
- വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കാൻ ഫറോക്ക് ചുങ്കത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനമായി. 10 കോടി രൂപ വകയിരുത്തി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കണ്ണെത്തണം, കർഷകരുടെ പ്രശ്നങ്ങളിലേക്ക്
മലയോര കുടിയേറ്റപ്രദേശമായ തിരുവമ്പാടി മണ്ഡലം കാർഷിക മേഖലയാണ്. റബർ, നാളികേര വിലത്തകർച്ച കാരണം കർഷകർ കടുത്ത ദുരിതമനുഭവിക്കുന്നു. കർഷകർക്ക് താങ്ങാവുന്ന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. സാമ്പത്തികമാന്ദ്യം പ്രദേശത്ത് പ്രകടമാണ്. താമരശ്ശേരി ചുരം തിരുവമ്പാടി മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്ക് മണ്ഡലനിവാസികളുടെ മാത്രം പ്രശ്നമല്ല.
കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിൽ ചട്ടം ലംഘിച്ചെന്ന ആരോപണമുള്ള കരിങ്കൽ ഖനനം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. മണ്ഡലത്തിൽ വിനോദസഞ്ചാര വികസനസാധ്യത ഏറെയാണ്. തുഷാരഗിരി, അരിപ്പാറ, കക്കാടംപൊയിൽ എന്നീ പ്രദേശങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സുരക്ഷാസംവിധാനമില്ലാത്തതിനാൽ അരിപ്പാറയിൽ ഇതുവരെ 27 പേർ മുങ്ങി മരിച്ചിട്ടുണ്ട്.
- സാഹസിക വിനോദസഞ്ചാരത്തിനും ഫാം ടൂറിസത്തിനും പദ്ധതികൾ ആവിഷ്കരിക്കണം.
- അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണ പ്രവൃത്തി അഞ്ചു വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല
- താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ തകരാറിലാവുകയോ അപകടത്തിൽപെടുകയോ ചെയ്താൽ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളും
- വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ - കള്ളാടി മേപ്പാടി തുരങ്കപാത പ്രവൃത്തി എന്നു തുടങ്ങുമെന്നതിൽ വ്യക്തതയില്ല
- വയനാട് ചുരത്തിന് ബദൽപാതയായി ചൂണ്ടിക്കാണിച്ചിരുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് സ്വപ്നമായി തുടരുന്നു
- 2804 കുടുംബങ്ങൾ ലൈഫ് ഭവനപദ്ധതിയിൽ വീടിനായി കാത്തിരിക്കുന്നു. മണ്ഡലത്തിൽ ഭൂരഹിതരായ 672 പേർ വീടെന്ന സ്വപ്നവുമായി കഴിയുന്നു
- ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികളായ 240 പേരുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കം
- കോടഞ്ചേരി ഗവ. കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിച്ചില്ല
- കിടത്തിച്ചികിത്സയുണ്ടായിരുന്ന മുക്കം ഗവ. സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിലവിൽ ഒ.പി സംവിധാനം മാത്രമേ നിലവിലുള്ളൂ. സ്വകാര്യ ആശുപത്രികൾക്കുവേണ്ടിയാണ് ഒഴിവാക്കിയതെന്ന് ആക്ഷേപം
- പ്ലസ് ടു സീറ്റ് ക്ഷാമമുണ്ട്. സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിരം അധ്യാപക തസ്തികകളിൽ പി.എസ്.സി നിയമനം വൈകിക്കുന്നു
- കാട്ടുപന്നി-കാട്ടാന ആക്രമണം മലയോര മേഖലയിൽ രൂക്ഷം. കൃഷി നശിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല.
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നിരവധി സ്ഥലങ്ങളുണ്ട്
- കൃഷിഭൂമി-വനഭൂമി അതിർത്തിത്തർക്കം മൂലം മലയോര കർഷകർ ദുരിതമനുഭവിക്കുന്നു. പ്രശ്നപരിഹാരത്തിന് വനാതിർത്തിയിലെ കൃഷിഭൂമിയിൽ റവന്യൂ വകുപ്പ്-വനം വകുപ്പ് സംയുക്ത പരിശോധന നടത്തുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനം യാഥാർഥ്യമായിട്ടില്ല.
കാടുപിടിച്ച് കിടക്കണോ കുന്ദമംഗലം
കുന്ദമംഗലം ഒരു വിദ്യാഭ്യാസ ഹബ്ബാണ്. ഐ.ഐ.എം, എൻ.ഐ.ടി, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, എൻ.ഐ.ഇ.എൽ.ടി തുടങ്ങി ദേശീയ പ്രശസ്തമായ ഒട്ടേറെ സ്ഥാപനങ്ങൾ കുന്ദമംഗലം മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്. വികസനസാധ്യത ഏറെയുള്ള മണ്ഡലമാണിത്.
മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി അടച്ചുപൂട്ടിയിട്ട് കാൽനൂറ്റാണ്ടിലേക്കടുക്കുന്നു. ബിർള മാനേജ്മെൻറ് എന്തെങ്കിലും സംരംഭം തുടങ്ങുമെന്ന പ്രതീക്ഷയില്ല. കാടുപിടിച്ചുകിടക്കുന്ന ഭൂമി തിരിച്ചുപിടിച്ച് എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നു. ഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ഹൈകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ അഭിഭാഷകൻ തുടർച്ചയായി ഹാജരാകാതിരുന്നത് തികഞ്ഞ അലംഭാവമാണ്. ഗ്രീൻഫീൽഡ് ഹൈവേക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് പെരുമണ്ണ ഭാഗങ്ങളിൽ വലിയ പ്രശ്നമാണ്.
ഏറ്റവും കൂടുതൽ കച്ചവട സ്ഥാപനങ്ങൾ പോകുന്നതും ഒരു അങ്ങാടി പൂർണമായും ഇല്ലാതാകുന്നതും പെരുമണ്ണയിൽ മാത്രമാണ്. ഇവിടത്തെ കച്ചവടക്കാർക്കും ബിൽഡിങ് ഉടമകൾക്കും ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. നൽകിക്കൊണ്ടിരിക്കുന്ന നഷ്ടപരിഹാരംതന്നെ നിർത്തിവെച്ചിരിക്കുന്നു. കുടിവെള്ളപ്രശ്നം, ഗതാഗതക്കുരുക്ക്, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ കുന്ദമംഗലം മണ്ഡലത്തിലും ജനങ്ങൾക്ക് ഉയർത്തിക്കാട്ടാനുണ്ട്.
- കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം
- ഒളവണ്ണ, പെരുവയൽ പഞ്ചായത്തുകളിൽ വേനൽക്കാലത്ത് കുടിവെള്ളപ്രശ്നം രൂക്ഷം. ജൽജീവൻ പദ്ധതി എത്താത്ത പല മേഖലകളുമുണ്ട്
- പെരുവയൽ പഞ്ചായത്തിലും മറ്റു ചില പഞ്ചായത്തിലും ഭവനരഹിതരും ഭൂരഹിതരുമുണ്ട്
- മെഡിക്കൽ കോളജിനു കീഴിലുള്ള ചെറൂപ്പ ആശുപത്രി ശോച്യാവസ്ഥയിൽ. കിടത്തിച്ചികിത്സ മുടങ്ങിയിട്ട് കാലമേറെയായി
- കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണം
- ഒളവണ്ണ സാമൂഹികാരോഗ്യകേന്ദ്രം സൗകര്യം വർധിപ്പിക്കണം. രാത്രിയിലും ചികിത്സ നൽകാൻ സംവിധാനം വേണം
- പെരുവയൽ-ഒളവണ്ണ-പെരുമണ്ണ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാമ്പുഴയുടെ ശോച്യാവസ്ഥ പരിഹരിക്കണം
- ചാത്തമംഗലം പഞ്ചായത്തിൽ വെള്ളം കയറി വാഴകൃഷി നശിക്കുന്ന സ്ഥിതിയുണ്ട്
- ചാലിയാറിനെ അടിസ്ഥാനമാക്കി ടൂറിസം പദ്ധതികൾക്ക് സാധ്യതയേറെ.
ഉറക്കം കെടുത്തുന്ന പ്രകൃതിക്ഷോഭങ്ങൾ
ഉരുൾപൊട്ടൽ, പുഴ കരകവിഞ്ഞൊഴുകൽ തുടങ്ങി പ്രകൃതിദുരന്തങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഇരകൾക്ക് നഷ്ടപരിഹാരവും ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികളും കൂടിയേ തീരൂ. കട്ടിപ്പാറ, കരിഞ്ചോല ഉരുൾപൊട്ടൽ ബാധിതർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ല. ഈ ഭാഗത്തെ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയായില്ല. ചെറിയ മഴക്ക് പോലും പുഴ കരകവിഞ്ഞൊഴുകുന്നത് കൊടുവള്ളി, തലപെരുമണ്ണ ഉൾപ്പെട്ട പ്രദേശങ്ങളിൽ ദുരിതം വിതക്കുന്നു.
മലയോര പ്രദേശങ്ങൾ വർഷകാലത്ത് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. 45 മീറ്ററിലധികം വീതിയുണ്ടായിരുന്ന പൂനൂർ പുഴ, കൈയേറ്റം കാരണം പലയിടത്തും 15 മീറ്ററായി ചുരുങ്ങി. സർവേ നടത്തി അതിർത്തി നിശ്ചയിക്കുകയും മാലിന്യം നീക്കുകയും വേണം. വനത്തോട് ചേർന്ന മേഖലകളിൽ വന്യജീവികൾ കൃഷി നശിപ്പിക്കുന്നു. സംരക്ഷണ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല.
- നരിക്കുനിയിലെ റിങ് റോഡും താമരശ്ശേരിയിലെ ബൈപാസും യാഥാർഥ്യമാക്കണം
- നരിക്കുനിയിലെ റിങ് റോഡും താമരശ്ശേരിയിലെ ബൈപാസും യാഥാർഥ്യമാക്കണം
- പൂനൂർ പുഴയും ചെറുപുഴയും പ്രയോജനപ്പെടുത്തി കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പദ്ധതികൾ വേണം.
- കരുവൻപൊയിൽ, രാരോത്ത്, എളേറ്റിൽ വട്ടോളി സ്കൂളുകൾക്ക് ഭൂമിയില്ലാത്തതിനാൽ പുതിയ കെട്ടിടം നിർമിക്കാനായിട്ടില്ല.
- കൊടുവള്ളി റെസിഡന്റ് ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടമില്ല. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ.
- കൊടുവള്ളി പി.എച്ച്.സി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ സ്റ്റാഫ് പാറ്റേണോ അനുവദിച്ചിട്ടില്ല. കിടത്തിചികിത്സ ആരംഭിച്ചെങ്കിലും നിലവിലില്ല. സൗകര്യമുള്ള കെട്ടിടങ്ങളുമില്ല.
- മണ്ഡലത്തിൽ കൃത്യമായ മാലിന്യ സംസ്കരണ പദ്ധതികൾ നിലവിലില്ല.
- ജനസാന്ദ്രത കൂടിയ കിഴക്കോത്ത് പഞ്ചായത്തിലെ വില്ലേജ് വിഭജിക്കണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ഐ.സി.യു സംവിധാനം മെച്ചപ്പെടുത്തണം. അത്യാവശ്യ മരുന്നുകളുടെയും ക്ഷാമം.
- ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പള്ളിപ്പുറം മിനി വ്യവസായ കേന്ദ്രം വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
- ദേശീയപാതയിലെ വട്ടക്കുണ്ട് പാലം നവീകരണം ആരംഭിച്ചിട്ടില്ല. ഇനിയും സ്ഥലം വിട്ടുകിട്ടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.