നഗരത്തിലെ ഗതാഗതക്കുരുക്ക്; അടിയന്തര നടപടിയുമായി മേയർ
text_fieldsകോഴിക്കോട്: നഗരപരിധിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മേയർ ഡോ.എം. ബീന ഫിലിപ് അറിയിച്ചു.
നഗരത്തിലെ അപകടാവസ്ഥയിലുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും ജൂലൈയിൽ മേയറുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും ഓട്ടോ ബസ് തൊഴിലാളി സംഘടന പ്രതിനിധികളുടെയും യോഗതീരുമാനങ്ങൾ നടപ്പാക്കാനും നിർദേശം നൽകി. റോഡുകളിൽ അനുവദനീയമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും.
ഓട്ടോറിക്ഷ പാർക്കിങ്ങിന് ഉചിതമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും.ഓട്ടോറിക്ഷ പാർക്കിങ്ങിന് സ്ഥലം കണ്ടെത്തും. ബസുകൾ അനുവദിച്ച സ്ഥലത്ത് മാത്രമെ നിർത്താൻ പാടുള്ളൂ. മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ അടിയന്തര സാഹചര്യത്തിൽ ടയർ മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഗ്രീസ് അടിക്കാനും മറ്റും അനുമതി നൽകേണ്ടെന്നാണ് തീരുമാനം.
മാവൂർ റോഡ് ആർ.പി മാൾ പരിസരത്തെ ബസ് സ്റ്റോപ് നിലനിർത്തൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഭാഗത്ത് നിന്നും എരഞ്ഞിപ്പാലം ഭാഗത്തേക്ക് യു ടേൺ അനുവദിക്കൽ എന്നിവ സംബന്ധിച്ച് സ്ഥലപരിശോധന നടത്തി ഉചിത തീരുമാനമെടുക്കും.
അടുത്ത ദിവസം തന്നെ ഉന്നതതല യോഗം ചേർന്ന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ സംവിധാനം ഒരുക്കുന്നതിനുള്ള നടപടിയെടുക്കും.
ഓട്ടോകൾക്കടക്കം കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.