ട്രെയിനിലെ തീവെപ്പ്: പ്രതിയെ ചോദ്യം ചെയ്യൽ, വൈദ്യപരിശോധന, ചികിത്സ...
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ കോഴിക്കോട്ടെത്തിച്ചതിനു പിറകെ ‘ദ്രുതഗതിയിൽ പ്രവർത്തിച്ച്’ അന്വേഷണ സംഘം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പിടിയിലായ ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച പുലർച്ചെ 6.05നാണ് കാറിൽ മാലൂർകുന്നിലെ എ.ആർ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിന് പുറത്ത് പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചിരുന്നു.
6.15ഓടെ ഉത്തരമേഖല ഐ.ജി നീരജ് കുമാർ ഗുപ്ത ഇവിടേക്കെത്തി. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പിറകെ എത്തി. തുടർന്ന് അന്വേഷണ സംഘം പ്രാഥമികമായി ചോദ്യം ചെയ്തു. രാവിലെ 11.05ന് അന്വേഷണ സംഘത്തിലെ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോയി.
ഇതിനുമുന്നോടിയായി വൻ പൊലീസ് സംഘം എ.ആർ ക്യാമ്പിൽനിന്ന് മെഡിക്കൽ കോളജിലേക്ക് എത്തിയിരുന്നു. പ്രതി ഈ വാഹനത്തിലെന്ന ധാരണയിൽ ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങളടക്കം ഇതിനെ പിന്തുടർന്ന് മെഡിക്കൽ കോളജിൽ എത്തിയതോടെയാണ് സുരക്ഷ ഉദ്യോഗസ്ഥരുമായി എത്തിയ വാഹനമാണിതെന്ന് വ്യക്തമായത്.
തോക്കുധാരികളായ പൊലീസുകാരെയാണ് മെഡിക്കൽ കോളജ് പരിസരത്ത് സുരക്ഷക്കായി നിയോഗിച്ചത്. പ്രതിയുമായി മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട പൊലീസ് ജീപ്പിന് മുന്നിലും പിന്നിലും പൊലീസിന്റെ ബസടക്കം നാല് അകമ്പടി വാഹനങ്ങളുണ്ടായിരുന്നു.
മാലൂർകുന്നിൽനിന്ന് വെള്ളിമാട്കുന്ന് -കോവൂർ റോഡ് വഴി പ്രതിയുമായുള്ള വാഹനം 11.20നാണ് മെഡിക്കൽ കോളജിലെ താഴെ ഭാഗത്തെ ഗേറ്റ് കടന്ന് ഉള്ളിലെത്തിയത്. തുടർന്ന് മോർച്ചറിയുടെ ഭാഗത്തുകൂടി, മുഖം പൂർണമായും തുണി ഉപയോഗിച്ച് മറച്ചാണ് പ്രതിയെ ആശുപത്രിക്കുള്ളിലെത്തിച്ചത്. തുടർന്ന് വൈദ്യ പരിശോധനയും ഫോറൻസിക് പരിശോധയും നടന്നു.
3.30ഓടെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ എന്നിവർ മെഡിക്കൽ കോളജിലെത്തി പ്രതിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് അഡ്മിറ്റ് അടക്കമുള്ള മറ്റുനടപടികൾ തീരുമാനിച്ചത്. പ്രതിയെ ആശുപത്രിലേക്ക് എത്തിച്ചതോടെ പലഭാഗത്തും ആളുകൾ കൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.