ട്രെയിനുകൾ നിർത്തുന്നില്ല വെള്ളയിൽ സ്റ്റേഷൻ നഷ്ടത്തിൽ
text_fieldsകോഴിക്കോട്: വെള്ളയിൽ സ്റ്റേഷനോടുള്ള റെയിൽവേ അധികൃതരുടെ അവഗണന തുടരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കുമുമ്പ് എട്ട് ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നതിൽ നാലെണ്ണം മാത്രമേ പുനഃസ്ഥാപിച്ചുള്ളൂവെന്നതിനാൽ സ്റ്റേഷൻ നഷ്ടത്തിലാണ്.
ഒരുവർഷത്തിലേറെയായി ട്രെയിനുകൾ നിർത്താതായിട്ട്. നാല് ട്രെയിനുകൾ ഇപ്പോൾ പാസഞ്ചറിന് പകരം എക്സ്പ്രസായി ഓടുന്നതാണ് പ്രശ്നം. ഇവ പാസഞ്ചറുകളാക്കി സ്റ്റേഷനിൽ നിർത്താമെന്ന് റെയിൽവേ തീരുമാനമുണ്ടെങ്കിലും നടപ്പായിട്ടില്ല.
ഹാൾട്ട് സ്റ്റേഷനായ വെള്ളയിൽ കണ്ണൂർ-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട്, തൃശൂർ-കണ്ണൂർ എക്സ്പ്രസുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കി മാറ്റിനിർത്തണമെന്ന് വെള്ളയിൽ സ്റ്റേഷൻ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കോച്ചുകളുടെ എണ്ണം കൂട്ടണമെന്നും മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. ചെറിയ വരുമാനമേയുള്ളൂവെന്നതിനാൽ ഹാൾട്ട് ഏജന്റുമാർ ജോലിയുപേക്ഷിക്കാനുള്ള നീക്കമുണ്ട്. റെയിൽവേ അധികൃതർക്ക് നിവേദനം നൽകാനും അനുകൂല നിലപാടില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങാനും രക്ഷാസമിതി തീരുമാനിച്ചതായി കൺവീനർ സെയ്ത് കമാൽ, ജോ. കൺവീനർ സുധീർ ശേഖർ പാലക്കണ്ടി എന്നിവർ അറിയിച്ചു.
സ്റ്റേഷനിൽ മതിയായ ബോർഡില്ലാത്തതും പ്രശ്നമാണ്. ഗാന്ധി റോഡ് ഭാഗത്തുനിന്ന് വരുന്നവർക്കുള്ള നെയിംബോർഡില്ല. നിർത്തുന്ന ട്രെയിനുകളുടെ സമയവിവരപ്പട്ടികയില്ല. നാല് ട്രെയിനുകൾക്കൊപ്പം മറ്റ് നാല് ട്രെയിനുകൾക്കുകൂടി സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
ഷൊർണൂർ-കണ്ണൂർ (മെമു സ്പെഷൽ), കണ്ണൂർ-ഷൊർണൂർ (മെമു സ്പെഷൽ), കണ്ണൂർ-ഷൊർണൂർ (എക്സ്പ്രസ്), കോഴിക്കോട്-കണ്ണൂർ (എക്സ്പ്രസ്) എന്നീ ട്രെയിനുകൾക്കാണ് വെള്ളയിൽ നിലവിൽ സ്റ്റോപ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.