ട്രോമകെയർ രജത ജൂബിലി നിറവിൽ
text_fieldsകോഴിക്കോട്: റോഡപകടങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ആരംഭിച്ച ട്രോമകെയർ രജത ജൂബിലി നിറവിൽ. 1998 ഏപ്രിൽ ഒന്നിനാണ് ട്രോമകെയർ കോഴിക്കോട് (ട്രാക്ക്) രൂപവത്കരിക്കുന്നത്. റോഡപകടങ്ങളിൽപ്പെട്ട് ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരിതമനുഭവിക്കുന്ന നിരാലംബരുടെ ദൈന്യതകൾ തീവ്രമായതോടെയാണ് കോഴിക്കോട്ടെ മനുഷ്യസ്നേഹികൾ യോഗം ചേർന്ന് പുതിയ സംഘടന രൂപവത്കരിച്ചത്. വാഹനമിടിച്ച് വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിലെത്തിച്ചാൽ എത്തിക്കുന്നവർ പിന്നീട് പൊലീസ് കേസിൽപ്പെടുന്ന അവസ്ഥയടക്കം നേരത്തെ ഉണ്ടായിരുന്നു. നിരന്തരമായ പോരാട്ടത്തിനൊടുവിൽ ഇതിനടക്കം മാറ്റമുണ്ടാക്കിയത് ട്രോമ കെയറാണ്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് പൊലീസിൽനിന്ന് പാരിതോഷികം ലഭ്യമാക്കാനുള്ള ഇടപെടലും മാതൃകയായിരുന്നു.
റോഡപകടങ്ങളിൽ കൈത്താങ്ങായാണ് ട്രോമകെയർ പ്രവർത്തനം തുടങ്ങിയതെങ്കിലും മാറിയ സാഹചര്യങ്ങൾക്കനുസരിച്ചിപ്പോൾ പ്രവർത്തനങ്ങളിൽ മാറ്റംവരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പ്രളയം, പേമാരി അടക്കമുള്ള ദുരന്തങ്ങൾ വർധിച്ചതോടെ 2013ൽ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന് തുടക്കമിട്ടു. മൂന്നുദിവസത്തെ വിദഗ്ധ പരിശീലനം ലഭിച്ച 600 വളന്റിയർമാരാണ് ഇന്ന് ട്രോമകെയറിനുള്ളത്.
മാത്രമല്ല 55,000ത്തോളം പേർക്ക് ഏകദിന പരിശീലനവും നൽകി. അപകട വേളയിൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ കഴിയുന്ന പ്രവർത്തനാനുഭവമാണ് ഈ വളന്റിയർമാർക്കുള്ളത്. പ്രഗത്ഭരായ മുപ്പതോളം പരിശീലകരാണ് ട്രോമകെയറിന്റെ ഫാക്കൽറ്റി. ഒഴിവുദിവസങ്ങളിലാണ് പരിശീലനം. സ്കൂൾ, കോളജ് എന്നിവ കേന്ദ്രീകരിച്ചും വിവിധ ബോധവത്കരണ, സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
കോഴിക്കോടാണ് ട്രോമകെയറിന്റെ പ്രവർത്തനമാരംഭിച്ചതെങ്കിലും ഇന്ന് മലബാറിന്റെ വിവിധ മേഖലകളിൽ സേവന, സന്നദ്ധ പ്രവർത്തനത്തിന് ഇവർ മുന്നിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ഒരു ടീം ആംബുലൻസ് അടക്കമുള്ള സേവനത്തോടെ മുഴുവൻ സമയവും പ്രവർത്തിക്കുന്നു.
പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ, ആരോഗ്യ മേഖലയിലെ ഏജൻസികൾ, ആശുപത്രികൾ എന്നിവയുമായി സഹകരിച്ച് പുതിയ സേവന സംസ്കാരം രൂപപ്പെടുത്തുകയാണ് രജത ജൂബിലി വർഷത്തിൽ ട്രോമകെയർ ലക്ഷ്യമിടുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി വെബ്സൈറ്റ് ലോഞ്ച് ചെയ്തു. വിദഗ്ധരടങ്ങുന്ന റിസർച് ആൻഡ് പോളിസി വിങ് യാഥാർഥ്യമായി. യൂട്യൂബ് ചാനൽ ഉടൻ ആരംഭിക്കും. ‘റോഡ് സുരക്ഷ, അതിലൂടെ അപകട രഹിത സമൂഹം’ എന്നതാണ് രജത ജൂബിലി വർഷത്തിൽ ട്രോമകെയർ മുന്നോട്ടുവെക്കുന്ന ആശയം. ഇത് മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഏപ്രിൽ മുതൽ ഒരുവർഷം സംഘടിപ്പിക്കുകയെന്ന് പ്രസിഡന്റ് സി.എം. പ്രദീപ് കുമാറും സെക്രട്ടറി കെ. രാജഗോപാലും അറിയിച്ചു. ഇതിനായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.