കല്ലായ് റോഡിൽ യാത്രദുരിതം, പാലത്തിന്റെ കൈവരികളും തകർന്നു
text_fieldsകോഴിക്കോട്: നഗരത്തിലെ ഏറ്റവും പഴയ പാതയായ കല്ലായ് റോഡിൽ യാത്രദുരിതം കൂട്ടി കല്ലായിപ്പാലത്തിന്റെ കൈവരികളും തകർന്നു. ഓട നിർമാണവും ഗ്യാസ് പൈപ്പ് നിർമാണവുമെല്ലാം ഇഴഞ്ഞുനീങ്ങുന്നതിനാൽ കല്ലായ് റോഡിൽ പലയിടത്തും പ്രശ്നങ്ങളാണ്. അതിനിടക്കാണ് പാലത്തിന്റെ കൈവരികളും തകർന്നത്. കൈവരിയില്ലാത്തതിനെ തുടർന്നുള്ള അപകടാവസ്ഥ തുടരുകയാണ്.
കൈവരികൾ പൊളിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയെടുത്തില്ലെന്നാണ് പരാതി. നഗരത്തിൽ ഏറ്റവും തിരക്കുപിടിച്ച പാലത്തിന്‍റെ ഫൂട്പാത്തിനോട് ചേർന്നുള്ള കൈവരിയാണ് തകർന്നത്.
സ്കൂൾ കുട്ടികളടക്കം നൂറുക്കണക്കിനു പേർ ദിവസവും നടന്നുപോകുന്ന പാതയാണിത്. ഇടുങ്ങിയ റോഡിൽ വാഹനങ്ങളിൽനിന്ന് രക്ഷ നേടാൻ കൈവരിയോട് ചേർന്നുവേണം നടക്കാൻ. സ്കൂൾ കുട്ടികൾ പൊട്ടിപ്പൊളിഞ്ഞ കൈവരിയോട് ചേർന്നുപോകുന്നത് ഭീതിയുണർത്തുന്ന കാഴ്ചയാണ്.
അപകടം നടന്നതിനുശേഷം നടപടിയുണ്ടാവുന്ന സ്ഥിതി ആവർത്തിക്കുമോയെന്നാണ് ആശങ്ക. ദേശീയ പാതയിൽ കല്ലായ് റോഡിൽ ഓടയുടെയും ഫുട്പാത്തിന്‍റെയും നിർമാണം തുടരുന്നതിനിടെയാണ് പാലത്തിന്റെ കൈവരിയും തകർന്നത്. ഫ്രാൻസിസ് റോഡ് ജങ്ഷനിൽ നിന്ന് ചെറുവണ്ണൂർ വരെ കല്ലായ് റോഡിനിരുവശവും ഓവുചാലുകളുണ്ടാക്കി സ്ലാബും ടൈലുമിട്ട് നടപ്പാതയുണ്ടാക്കുന്ന പണിയാണ് ആറു മാസത്തിലേറെയായി നടക്കുന്നത്.
വ്യാപക പരാതിയുയർന്നതിനെ തുടർന്നാണ് പൊതുമരാമത്ത് ഓട നിർമിക്കാൻ തീരുമാനിച്ചത്. കല്ലായ് റോഡിൽ പലയിടത്തായി നടക്കുന്ന ഓടനിർമാണം പരസ്പരം ബന്ധിക്കാനാകാത്ത അവസ്ഥയും തുടരുകയാണ്. മതിയായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയതിനാൽ നിർമാണം പലതായി മുറിഞ്ഞു.
ഗ്യാസ് പൈപ്പിടൽ കഴിഞ്ഞശേഷം കുഴികൾ വേണ്ടവിധം മൂടാത്തതും കല്ലായ് റോഡിൽ പ്രശ്നമാകുന്നു. നേരത്തേ കല്ലായിപ്പുഴയിലേക്കും ചെറുവണ്ണൂർ ഭാഗത്തേക്കുമൊഴുക്കുള്ള ചെറിയ ഓടകളാണിപ്പോൾ വലുതാക്കിയുണ്ടാക്കുന്നത്.
മനുഷ്യവരി തീർത്ത് പ്രതിഷേധം
കോഴിക്കോട്: ജീർണാവസ്ഥയിലായ കല്ലായ് പാലത്തിന്റെ കൈവരി പൂർണമായി പുതുക്കിപ്പണിയണമെന്നും തകർന്ന കൈവരികൾ നന്നാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്നിയങ്കര മണ്ഡലം കമ്മിറ്റി പ്രതീകാത്മക മനുഷ്യ കൈവരി തീർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ എം.സി. സുധാമണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ലബീബ്, എം.പി. ബബിൻരാജ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷ് കല്ലായി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. അർജുൻ, യൂത്ത് കോൺഗ്രസ് ചാലപ്പുറം മണ്ഡലം പ്രസിഡന്റ് മസ്ലൂക്ക് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാക്കളായ കൃഷ്ണദാസ് മാനാരി, കെ.എം. നിയാസ്, പുഷ്പൻ മാനാരി, സഹദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെറിൻ താരിഖ്, രാകേഷ്, ശിൽജു കണ്ണഞ്ചേരി, ഡാനിഷ്, വസിം, സിജിത്ത്, ഷാമിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.