ചികിത്സപ്പിഴവ്; രോഗി അത്യാസന്നനിലയിൽ
text_fieldsകോഴിക്കോട്: ചുമക്ക് ചികിത്സതേടി കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ഡോക്ടറെ സമീപിച്ച രോഗി ചികിത്സപ്പിഴവിനെത്തുർന്ന് ഗുരുതരാവസ്ഥയിലെന്ന് പരാതി. പറയഞ്ചേരി കല്ലുവെട്ടുകുഴിപറമ്പ് അൽഷാനു ഹൗസിൽ മൊയ്തീൻ കോയയെ ബ്രോങ്കോസ്കോപ്പിക്ക് വിധേനാക്കിയെന്നും തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും ആരോഗ്യസ്ഥിതി അതിഗുരുതരമായെന്നും മകൻ മുഹമ്മദ് ഷാനു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ പൾമനോളജിസ്റ്റിന്റെ ചികിത്സ തേടിയ മൊയ്തീൻ കോയയെ ആദ്യം സ്കാനിങ്ങിന് വിധേയനാക്കി. തുടർന്ന് ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കിയപ്പോൾ രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. സി.ടി സ്കാനിങ്ങിൽ ശ്വാസകോശത്തിൽ തടിപ്പ് കണ്ടിരുന്നുവെന്നും ടെസ്റ്റിന് അയക്കാൻ സാമ്പിൾ എടുത്തപ്പോൾ രക്തസ്രാവം ഉണ്ടായി ആരോഗ്യസ്ഥിതി മോശമായെന്നുമാണ് ഡോക്ടർ കുടുംബത്തെ അറിയിച്ചത്. എന്നാൽ, സ്കാനിങ് റിപ്പോർട്ട് നേരത്തേ തങ്ങളെ കാണിച്ചിരുന്നില്ലെന്നും ശ്വാസകോശത്തിൽ തടിപ്പ് ഉള്ളത് അറിയിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
പിന്നീട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും രക്തം ഛർദിച്ച് വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽനിന്ന് വീണ്ടും വൻതോതിൽ രക്തസ്രാവം ഉണ്ടാവുകയും ആഞ്ചിയോഗ്രാം ചെയ്യുകയും അബോധാവസ്ഥയിലാവുകയും ചെയ്ത രോഗിക്ക് ബോധം തിരിച്ചുകിട്ടിയിട്ടില്ല. ചികിത്സക്കിടെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു.
ഡോക്ടറുടെ അശ്രദ്ധയാണ് പിതാവിനെ അവസ്ഥയിലാക്കിയതെന്നും ഡോക്ടർക്കും ആശുപത്രി അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഷാനു പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, നേരത്തെ ടി.ബി ബാധിച്ച രോഗി 18 വർഷത്തോളമായി ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ടെന്നും പിഴവ് വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗിക്ക് മതിയായ ചികിത്സയും നൽകിയിട്ടുണ്ട്. ഹൃദയസ്തംഭനവും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് രോഗിയുടെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.