സീനിയർ റെസിഡന്റുമാർ ഇന്നിറങ്ങും; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജുകളിൽനിന്ന് സീനിയർ റെസിഡന്റ് ഡോക്ടർമാർ കാലാവധി പൂർത്തിയാക്കി ചൊവ്വാഴ്ച ഇറങ്ങും. പുതിയ ബാച്ച് വരാൻ ഇനിയും ആറുമാസം കാത്തിരിക്കണമെന്നിരിക്കെ പകരം സംവിധാനങ്ങൾ ഒരുക്കാത്തത് ആശുപത്രിയിൽ ചികിത്സ വൈകാൻ ഇടയാക്കുമെന്ന് ആക്ഷേപം ശക്തമായി. നിലവിൽ ഡോക്ടർമാരുടെ കുറവ് കാരണം വൻപ്രതിസന്ധി അനുഭവിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റെസിഡന്റുമാരുടെ സേവനം രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓർത്തോ അടക്കമുള്ള വിഭാഗങ്ങളിൽ ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സകളിൽ പ്രധാന പങ്കുവഹിക്കുന്ന എസ്.ആർ ഡോക്ടർമാർ കൂട്ടത്തോടെ ഇറങ്ങുന്നത് മെഡിക്കൽ കോളജിന്റെ പ്രവർത്തനം താളം തെറ്റിക്കുമെന്ന് അധികൃതർതന്നെ വ്യക്തമാക്കുന്നു.
നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിപ്പിക്കാനും ഇടയാക്കും. മാത്രമല്ല, ശസ്ത്രക്രിയകൾ അനന്തമായി നീളാനും കാരണമാകും. ഓർത്തോ, ഗ്യാസ്ട്രോ വിഭാഗത്തിൽ ശസ്ത്രക്രിയക്ക് മാസങ്ങൾ നീണ്ട തീയതിയാണ് ലഭിക്കുന്നതെന്ന് രോഗികൾ പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ള സാധാരണക്കാരെ ഇത് വൻ പ്രതിസന്ധിയിലാക്കും. മാത്രല്ല, കോഴിക്കോട് അടക്കമുള്ള പല മെഡിക്കൽ കോളജുകളിലും അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നതും സീനിയർ റെസിഡന്റുമാരാണ്.
ഇക്കാര്യം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും സർക്കാറിനും നേരത്തേ അറിയാമായിരുന്നിട്ടും നിലവിലുള്ളവരുടെ എസ്.ആർ ഷിപ് നീട്ടുന്നതടക്കമുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, കോഴിക്കോട് മെഡിക്കൽ കോളജിൽ വരാനിരിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കി ഡി.എം.ഇക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. എന്നാൽ എസ്.ആർ ആയി തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്കുപോലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ചട്ടപ്രകാരം 132 സീനിയർ റെസിഡന്റ് പോസ്റ്റുകളാണ് കോഴിക്കോട് മെഡിക്കൽ കോളജിന് അനുവദിക്കപ്പെട്ടത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഇതിന്റെ മൂന്നിലൊന്ന് തസ്തികകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ ഇതും നിലക്കും. അടുത്ത ബാച്ച് വരണമെങ്കിൽ ജൂനിയർ റെസിഡന്റ് പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിക്കണം. അടുത്ത ഡിസംബർ-ജനുവരി മാസങ്ങളിലാണ് ജൂനിയർ റെസിഡന്റ് ഫൈനൽ എക്സാം നടത്തുന്നത്. ഇതിന്റെ ഫലം പ്രഖ്യാപനം കഴിഞ്ഞ് സീനിയർ റെസിഡന്റുമാരെ നിയമിക്കുമ്പോൾ ഫെബ്രുവരി പാതി കഴിയും.
ഇത്രയും കാലം ഇവരുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. നിലവിൽതന്നെ ഡോക്ടർമാർക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ രോഗികൾ എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കും. താൽക്കാലിക നിയമനത്തിനും നടപടിയായിട്ടില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.