കടലിലും 'അടച്ചുപൂട്ടൽ'; ഉണർവിനിടെ തീരമേഖല വീണ്ടും വറുതിയിലേക്ക്
text_fieldsകോഴിേക്കാട്: പ്രതിസന്ധിയുടെ കയത്തിൽ നീങ്ങുന്ന മത്സ്യബന്ധന മേഖലക്ക് ഇനി അടച്ചുപൂട്ടലിെൻറ 52 ദിനങ്ങൾ. ജൂൺ ഒമ്പതിന് തുടങ്ങുന്ന ട്രോളിങ് നിരോധനം ജൂലൈ 31 വരെയാണ്. യന്ത്രബോട്ടുകളും വൻകിട വള്ളങ്ങളും ഇത്രയും നാൾ കരയിൽ വിശ്രമിക്കണം. കടലിൽ േപാവുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും അതിലേറെ അനുബന്ധ തൊഴിലാളികൾക്കും ഇനി പഞ്ഞകാലം. കാലവർഷം കനക്കുന്നതോടെ ഇത്തവണ കടലോരമക്കളെ കാത്തിരിക്കുന്നത് ഇരട്ടി പ്രതിസന്ധിയുടെ നാളുകൾ. ലോക്ഡൗൺ കരയിൽ സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പമാണ് കടലിലും അടച്ചുപൂട്ടൽ.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാവുന്ന ചുഴലിക്കാറ്റുകളും ന്യൂനമർദവും മേഖലയെ നിരന്തരം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ടൗട്ടേ ചുഴലിക്കാറ്റ്് ഭീഷണിയും മറ്റുമായി മാസം നീണ്ട ഇടവേളക്ക് ശേഷം രണ്ടാഴ്ചയായി മത്സ്യബന്ധന മേഖല ഉണർന്നു വരുകയായിരുന്നു. നിലവിൽ സംസ്ഥാനത്തിനകത്തുതന്നെ ഇഷ്ടം പോലെ മത്സ്യം ലഭിക്കുന്നുണ്ട്. അയലയാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. തീരം ഒന്നുണർന്നുവരുേമ്പാഴേക്ക് ട്രോളിങ് നിരോധനം വരുകയാണ്. അതേസമയം, കേരളത്തിൽ മത്തി ലഭ്യത കുറഞ്ഞത് മേഖല നേരിടുന്ന വലിയ പ്രശ്നമായി തൊഴിലാളികൾ പറയുന്നു. മത്തി സുലഭമായി ലഭിച്ചാൽ എല്ലാ വറുതിയും മാറുമത്രെ. പ്രത്യേകിച്ച് ചെറുകിടക്കാരുടെയും അനുബന്ധ തൊഴിലാളികളുടെ മനഃസംതൃപ്തിയും സാമ്പത്തിക നേട്ടവും മത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഓഖി ചുഴലിക്കാറ്റിന് ശേഷം മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലാണ്. മത്സ്യ ലഭ്യതയിലുണ്ടായ വൻകുറവാണ് ഒരു പ്രതിസന്ധി. ഒന്നര-രണ്ട് കോടി വിലയുള്ള ബോട്ടുകൾ കടലിൽ പോയി വരുേമ്പാൾ ശരാശരി നാലായിരം ലിറ്റർ ഡീസൽ വേണം. ഇത്തരം ബോട്ടുകളിൽ അൻപതിലേറെ തൊഴിലാളികളുമുണ്ടാവും. ഡീസൽ ചെലവിനും തൊഴിലാളികളുടെ കൂലിയും ആധുനിക ഉപകരണങ്ങളുടെ ചെലവും ഒത്തുപോവണമെങ്കിൽ വല നിറയെ മീൻ കിട്ടിയാലും മതിയാവില്ല. മീൻ ലഭ്യത കുറയുന്നത് വലിയ നഷ്ടമാണ് ബോട്ടുകൾക്ക്.
പ്രതീക്ഷിച്ചപോലെ മീൻ കിട്ടാതെ വരുേമ്പാഴുള്ള നഷ്ടം ബാങ്ക് വായ്പ മുടങ്ങുന്നതിനും പലിശ ഇരട്ടിയാവുന്നതിനും മേഖലയുടെ മൊത്തം മാന്ദ്യത്തിനും കാരണമാവുന്നു. അതുകൊണ്ടുതന്നെ കടലിൽ പ്രതിസന്ധിയുണ്ടാവുേമ്പാൾ തൊഴിലാളികൾക്കും മുതലാളിമാർക്കും ഒരുപോലെ ചങ്കിടിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.