വേളത്ത് രണ്ടുപേർക്ക് എച്ച്1 എൻ1
text_fieldsകുറ്റ്യാടി: വേളം പെരുവയലിൽ രണ്ടുപേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതയിൽ. ആറ് മാസം പ്രായമായ ആൺകുഞ്ഞിനും അയൽവക്കത്തെ അമ്പതുകാരനുമാണ് പന്നിപ്പനി എന്ന് അറിയപ്പെടുന്ന രോഗം കണ്ടെത്തിയത്. കുഞ്ഞിനാണ് ആദ്യം രോഗം ബാധിച്ചത്.
കടുത്ത പനിയും അപസ്മാരവുമായി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്റെയടുക്കൽ എത്തിയ കുട്ടിയെ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ഒരുദിവസം തന്നെ നാലു തവണ അപസ്മാര ബാധയുണ്ടായി. കഴിഞ്ഞ മാസം 12ന് പ്രവേശിപ്പിച്ച കുട്ടി ഒരാഴ്ച അവിടെ കിടന്നു.
അന്ന് രേഖരിച്ച രക്തപരിശോധനയുടെ റിസൽട്ട് കഴിഞ്ഞ ദിവസം വന്നപ്പോഴാണ് രോഗം എച്ച്1 എൻ1 ആണെന്നറിയുന്നത്. ഇതോടെ കുട്ടിയുമായി സമ്പർക്കമുള്ള 16 പേരെ കണ്ടെത്തി സ്രവമെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. റഷീദ് പറഞ്ഞു.
ഈ പരിശോധനയിലാണ് അയൽവാസിക്ക് രോഗം കണ്ടെത്തിയത്. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ രോഗം ബാധിച്ചിട്ടില്ല. സ്രവത്തിലൂടെയാണ് രോഗം പകരുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിക്ക് എവിടന്നാണ് രോഗം കിട്ടിയതെന്ന് വ്യക്തമല്ല. രണ്ടാഴ്ച മുമ്പ് കറ്റ്യാടി ഗവ. ആശുപയിൽ ചികിത്സാർഥം പോയിരുന്നു.
അയൽവാസിക്കും കൂടി ബാധിച്ചതോടെ പ്രദേശത്തെ നൂറോളം പേരെ സർവേക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.