നഗരത്തിലെ രണ്ട് ഹാളുകൾ മാർച്ചിൽ തുറക്കും
text_fieldsകോഴിക്കോട്: ഏറെ നാളായി കാത്തിരിപ്പ് തുടങ്ങിയ നഗരത്തിലെ രണ്ട് ഹാളുകളുടെ ഉദ്ഘാടനം മാർച്ചിൽ നടത്താൻ തീരുമാനമായി. പുതുതായി പണിത കോവൂർ കമ്യൂണിറ്റി ഹാളും നവീകരണം ഏറക്കുറെ തീർന്ന കണ്ടംകുളം ജൂബിലി ഹാളും കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാർച്ചിൽ തന്നെ തുറക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചു.
പുതിയ ഹാളുകൾ വരുന്നതോടെ നഗരത്തിലെ പൊതുഹാളുകളുടെ അപര്യാപ്തതക്ക് ആശ്വാസമാവുമെന്നാണ് പ്രതീക്ഷ. പൊളിക്കുന്നതിന്റെ മുന്നോടിയായി കാര്യമായ പരിപാടികൾക്കൊന്നും ടാഗോർ ഹാൾ നൽകുന്നില്ല. ഭട്ട് റോഡ് ബീച്ചിൽ ഉദ്ഘാടനം കഴിഞ്ഞ് കുറച്ചു കാലത്തിനകം ചോർച്ച തുടങ്ങിയ സമുദ്ര ഓഡിറ്റോറിയവും അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയാണ്.
ഉപ്പുകാറ്റേറ്റാൽ ദ്രവിക്കാത്ത പുതിയയിനം ഷീറ്റ് മലേഷ്യയിൽ നിന്നെത്തിച്ച് സമുദ്ര ഓഡിറ്റോറിയത്തിന് പുതിയ മേൽക്കൂരയിടുകയാണിപ്പോൾ. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 60 ലക്ഷം രൂപയുടെ പണിയാണ് തുടങ്ങിയത്. നടത്തുന്നവരുടെ പൂർണ ഉത്തരവാദിത്തത്തിൽ ജനറേറ്ററും മറ്റും ഉപയോഗിക്കാമെന്ന ഉറപ്പിലാണ് ഇപ്പോൾ അത്യാവശ്യക്കാർക്ക് ടാഗോർ ഹാൾ വിട്ടുനൽകുന്നത്.
തളി പൈതൃക മേഖലയിലെ കെട്ടിടങ്ങളുടെ ഛായയിലാണ് കണ്ടംകുളം ജൂബിലി മെമ്മോറിയൽ ഹാൾ പുതുക്കിപ്പണിതത്. മുമ്പ് വിവാഹങ്ങളടക്കം നടന്നിരുന്ന ഹാളിൽ അറ്റകുറ്റപ്പണികൾ വന്ന് ഉപയോഗം കുറഞ്ഞതോടെയാണ് 2018ൽ നവീകരിക്കാൻ തീരുമാനിച്ചത്. ഹാളിന്റെ മതിലുകൾ ചെങ്കൽ പാളികൾ ഒട്ടിച്ച് രൂപമാറ്റം വരുത്തി, മുറ്റത്ത് കല്ല് വിരിക്കുന്നു.
പുതിയ ഗേറ്റും വരും. ശീതീകരിച്ച ഹാളാണ് തയാറാവുന്നത്. ഒന്നാം നിലയിലാണ് ഹാളെങ്കിലും ഭിന്നശേഷിക്കാർക്കടക്കം കയറാനുള്ള റാമ്പ് സൗകര്യം തയാറായി. പഴയ നാലുകെട്ടുകളുടെ മാതൃകയിൽ തൊട്ടടുത്ത കെട്ടിടങ്ങളോട് സാമ്യമുള്ള രീതിയിലേക്ക് ബിൽഡിങ് മാറ്റിയെടുത്തു.
ഹാളിന്റെ വരാന്തയിൽ ഷീറ്റിനടിയിൽ മേച്ചിലോടുകൾ പാകിയതോടെ മുകളിൽ ഷീറ്റിട്ടതാണെന്ന പ്രതീതിയൊഴിവായി. ഓഡിറ്റോറിയത്തിനൊപ്പം ഡൈനിങ് ഹാൾ, അടുക്കള എന്നിവയും നവീകരിച്ചു. താഴെ നിലയിലെ ഡൈനിങ് ഹാൾ മുകളിലെ പ്രധാന ഹാളിനേക്കാൾ വലുപ്പമുണ്ടായിരുന്ന സ്ഥിതി മാറ്റി കുറച്ചു ഭാഗം വാഹന പാർക്കിങ്ങിനായി മാറ്റി.
മെഡിക്കൽ കോളജ് മേഖലയിലുള്ള കോവൂരിലെ കോർപറേഷൻ കമ്യൂണിറ്റി ഹാൾ പണിയും തീരാറായി. ഫർണിച്ചർ തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്. 1.43 ഏക്കർ സ്ഥലത്ത് 15 കോടി രൂപ ചെലവിലാണ് ഹാളൊരുക്കിയത്. കോവൂർ എം.എൽ.എ റോഡിലുള്ള സ്ഥലം കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു.
കോവൂർ എം.എൽ.എ റോഡിൽ 2003ലാണ് സ്ഥലമേറ്റെടുത്തത്. 2016ൽ കെട്ടിടം പണി തുടങ്ങി 2020ൽ തീർക്കാൻ തീരുമാനിച്ചെങ്കിലും കോവിഡും മറ്റുമാണ് പണി നീളാൻ കാരണം.
500 പേർക്കുള്ള ഓഡിറ്റോറിയം, അത്രയും പേർക്ക് ഇരിക്കാവുന്ന ഭക്ഷണ ഹാൾ, മുകൾനിലയിൽ എയർകണ്ടീഷൻ ചെയ്ത ഹാൾ, അടുക്കള സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഹാളിന് വേണ്ടത്ര പാർക്കിങ് സൗകര്യവുമുണ്ട്. പാർക്കിന് മാത്രം 50 സെന്റ് സ്ഥലമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് രണ്ട് ഹാളുകളുടെയും നിർമാണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.