കോഴിക്കോട് നഗരത്തിൽ 100 ദിവസത്തിനകം തുറക്കാനൊരുങ്ങി രണ്ട് ഹാളുകൾ
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് പൊതുപരിപാടികൾ സജീവമാകവെ തുറക്കാനൊരുങ്ങി രണ്ടു നഗര ഹാളുകൾ. കണ്ടംകുളം ജൂബിലിഹാൾ, കോവൂർ കമ്യൂണിറ്റിഹാൾ എന്നിവയാണ് നിർമാണജോലികൾ അവസാന ഘട്ടത്തിലെത്തി തുറക്കാനൊരുങ്ങുന്നത്.
കോർപറേഷൻ ഭരണസമിതി ഒരുകൊല്ലം പൂർത്തിയാവുന്ന സാഹചര്യത്തിൽ തയാറാക്കിയ നൂറുദിവസത്തിനകം പൂർത്തിയാക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. കണ്ടം കുളം ജൂബിലി ഹാളിൽ വൈദ്യുതി ജോലികളാണ് പ്രധാനമായി പുരോഗമിക്കാനുള്ളത്. ഇതിനായി ടെൻഡർ നപടികൾ പൂർത്തിയായി. കെട്ടിടത്തിന്റെ നവീകരണ പദ്ധതി 8.43 ലക്ഷം രൂപക്കാണ് എൻ.ഐ.ടി തയാറാക്കിയത്.
തളി ക്ഷേത്രത്തോടും അടുത്തുള്ള മറ്റ് കെട്ടിടങ്ങളോടും സാമ്യമുള്ള രീതിയലാണ് നവീകരണം പൂർത്തിയാക്കിയത്. മുകളിലുള്ള പ്രധാന ഹാളിൽ ടൈലിട്ട് തളി ക്ഷേത്രത്തിന്റെ മാതൃകയിൽ മേൽക്കൂരയും തീർത്തു. ഇരുമ്പും ലോഹ ഷീറ്റുകളുമാണ് ഇതിനായി ഉപയോഗിച്ചത്.
2018ലാണ് നവീകരണപദ്ധതി തയാറാക്കിയത്. ഓഡിറ്റോറിയവും ഡൈനിങ് ഹാളും അടുക്കളയുമെല്ലാം നന്നാക്കി. താഴത്തെ ഡൈനിങ് ഹാളിൽ സ്ഥലം കുറച്ച് വാഹനങ്ങൾ നിർത്താൻ സൗകര്യമൊരുക്കി. തളി ക്ഷേത്രത്തിന് പിറകിൽ കണ്ടംകുളത്തിൽ കൊതുകുവളർന്നപ്പോൾ നഗരസഭ നികത്തി സ്വാതന്ത്ര്യത്തിന്റെ 50 ാം വാർഷികമായി 'ജൂബിലി മെമ്മോറിയൽ കമ്യൂണിറ്റിഹാൾ' നിർമിക്കുകയായിരുന്നു. 2000 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത കെട്ടിടം 20 വർഷത്തിനിടെ ചോർന്നൊലിച്ച് ആള് കേറാതായതോടെയാണ് നന്നാക്കാൻ തീരുമാനിച്ചത്.
രണ്ട് നിലകളിലുള്ള കോവൂർ കമ്യൂണിറ്റി ഹാളിൽ ടൈലിടലും ഒന്നാം നിലയിൽ മേലക്കൂരയുടെ പ്രവൃത്തിയുമാണ് നടക്കുന്നത്. 10 കോടി രൂപ ചെലവിലാണ് നിർമാണം. ആയിരം ആളുകൾക്ക് പങ്കെടുക്കാവുന്ന ഹാളിന് 30,000 ചതുരശ്ര അടിയാണ് വലുപ്പം. ഡൈനിങ് കം ഹാൾ, ടോയ്ലറ്റ് സമുച്ചയം തുടങ്ങിയവയെല്ലാമുണ്ട്. താഴെ നിലയിൽ അടുക്കളയും ഉള്ളതിനാൽ വിവാഹച്ചടങ്ങുകൾക്കടക്കം ഉപയോഗിക്കാം.
60 വാഹനങ്ങൾ നിർത്തിയിടാനുമാവും. കോവൂർ എം.എൽ.എ റോഡിൽ 2003ലാണ് ഹാളിന് സ്ഥലമേറ്റെടുത്തത്. 2016ൽ കെട്ടിടം പണി തുടങ്ങി 2020ൽ പണി തീർക്കാൻ ശ്രമിച്ചെങ്കിലും കോവിഡ് കാരണം നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.