ആറ് കിലോ കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: മാങ്കാവിലെ ഒഡിഷയിൽനിന്നുള്ള തൊഴിലാളികളുടെ വാടക വീട്ടിൽനിന്ന് ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചു. കാർത്തിക്ക് മാലിക്ക്, ബിക്കാരി സെയ്തി എന്നിവരെ കസബ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും നർകോട്ടിക്ക് സെൽ അസി. കമീഷണർ ടി. ജയകുമാറിന്‍റെ കീഴിലുള്ള സിറ്റി നർകോട്ടിക് സ്ക്വാഡും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന ജില്ലയിലെ മുഖ്യകണ്ണികളാണ് പിടിയിലായത്. കിലോഗ്രാമിന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 35000 രൂപക്ക് മുകളിലാണ് ഇവർ വിറ്റിരുന്നത്.
ലഹരിവസ്തുക്കൾ സൂക്ഷിച്ച മറ്റു വാടകവീടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർക്ക് വീടുകൾ വാടകക്ക് നൽകിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുമെന്നും എ.സി.പി ടി. ജയകുമാർ പറഞ്ഞു.
ഡൻസാഫ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, കെ. അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, കെ. സുനൂജ്, അർജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ പൊലീസ് സ്റ്റേഷനിലെ ശിവദാസൻ, സജീവൻ, രതീഷ്, വിഷ്ണുപ്രഭ എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.