ഡോക്ടറുടെ 5.6 ലക്ഷവും സ്വർണവും തട്ടിയ രണ്ടുപേർ പിടിയിൽ
text_fieldsകോഴിക്കോട്: ഡോക്ടറുടെ 5.6 ലക്ഷം രൂപയും സ്വർണവും പുനർവിവാഹം വാഗ്ദാനംചെയ്തു തട്ടിയെടുത്തുവെന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മേലാറ്റൂരിൽ താമസിക്കുന്ന കുടക് സ്വദേശി മജീദ് (49), എടയാറ്റൂർ ചെട്ടിയാംതൊടി മുഹമ്മദ് സലിം (38) എന്നിവരെയാണ് നടക്കാവ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ ഒന്നാം പ്രതി കാസർകോട് നീലേശ്വരം പുത്തൂർ ഇർഷാനയെ (34) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടകത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഡോക്ടറുമായി സൗഹൃദമുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജോലിയിൽനിന്ന് വിരമിച്ച ഡോക്ടർ പത്രത്തിൽ വിവാഹ പരസ്യം നൽകിയിരുന്നു. തുടർന്ന് വയനാട്ടിലെ ഡോക്ടറുടെ ക്ലിനിക്കിൽ വിവാഹത്തിന് തയാറാണെന്ന് പറഞ്ഞ് പ്രതികളെത്തുകയായിരുന്നു. അവിടെവെച്ച് വിവാഹവും ഉറപ്പിച്ചു.
ഏപ്രിലിൽ വിവാഹത്തിന് ഇവർ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ താമസിച്ചു. അവിടെവെച്ച് ഡോക്ടർ യുവതിയെ വിവാഹം കഴിച്ചു. കല്യാണം കഴിച്ചയുടൻ ഇരുവർക്കും ഒന്നിച്ച് താമസിക്കാൻ വീട് വേണമെന്ന് പറഞ്ഞ് പ്രതികൾ അഞ്ചുലക്ഷം രൂപ ആദ്യം വാങ്ങി. തുടർന്ന് വീട് നോക്കാനായി ഇറങ്ങിയ സംഘം ഡോക്ടർ ആരാധനാലയത്തിൽ പോയ നേരത്ത് പണവും മറ്റുമടങ്ങിയ ബാഗുമായി രക്ഷപ്പെട്ടെന്നാണ് കേസ്.
ഡോക്ടർ നടക്കാവ് പൊലീസിൽ പരാതി നൽകിയതോടെ മുഖ്യ പ്രതി യുവതി മൂന്നു മാസത്തിനകം പിടിയിലായി. മറ്റ് പ്രതികൾ ഒളിവിലായിരുന്നു. മേലാറ്റൂരിൽവെച്ചാണ് നടക്കാവ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ലീല വേലായുധൻ, ബിനു മോഹൻ, ഷിബു, എ.എസ്.ഐ എം.വി ശ്രീകാന്ത്, നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.