മാവൂരിൽ മൂന്നു വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsമാവൂർ: മാവൂരിലും പരിസരങ്ങളിലും ബുധനാഴ്ചയുണ്ടായ മൂന്നു വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്. മാവൂർ-എളമരം, കൂളിമാട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ചെറുവാടി പൊറ്റമ്മൽ നെച്ചിക്കാട്ട് വീട്ടിൽ അബ്ദുറഹിമാന്റെ ഭാര്യ സഫിയക്കാണ് (63) പരിക്കേറ്റത്. ഗ്രാസിം ഫാക്ടറി ഗേറ്റിനു സമീപമുള്ള വളവിൽ ബുധനാഴ്ച രാവിലെ ആറരയോടെയാണ് അപകടം. മാവൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാറും ഓട്ടോറിക്ഷയും എതിർവശത്തുനിന്നുവന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയെ കാർ മറികടക്കുന്നതിനിടെയാണ് അപകടം. ഓട്ടോ യാത്രക്കാരിക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പിന്നോട്ടുനീങ്ങി ഗ്രാസിം കമ്പനിയുടെ മതിൽ തകർത്താണ് നിന്നത്. ലോറിയും ഇതേ സൈഡിലെ ഗ്രാസിം കമ്പനിയുടെ മതിലിൽ ഇടിച്ചു. ഈ ഭാഗത്തെ വൈദ്യുതി തൂണും ഗ്രാസിം മതിലും തകർന്നു.
ഊർക്കടവിൽ ഉച്ചക്ക് 12ഓടെയാണ് രണ്ടാമത്തെ അപകടം. ഊർക്കടവ് പാലത്തിന് സമീപം വളവിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായ മലപ്പുറം വാഴക്കാട് ചീക്കോട് കൂട്ടാശ്ശേരിപുറായിൽ ചന്ദ്രന്റെ മകൻ ജിനുവിനാണ് (28) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ചെറൂപ്പ-ഊർക്കടവ് റോഡിൽ നെച്ചിക്കാട്ട് കടവിൽ കാർ വൈദ്യുതി കാലിൽ ഇടിച്ചാണ് മൂന്നാമത്തെ അപകടം. ബുധനാഴ്ച രാവിലെ 11ഓടെ ചെറൂപ്പ ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്നു. ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.