ട്രാൻസ്ജെൻഡർ കൊലക്ക് രണ്ടുവയസ്സ്; അന്വേഷണം തുടങ്ങിയേടത്തുതന്നെ
text_fieldsസ്വന്തം ലേഖകൻ
കോഴിക്കോട്: നഗരത്തിൽ ട്രാന്സ്ജെന്ഡർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് രണ്ടുവർഷമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. മൈസൂരു സ്വദേശിയായ ശാലു (40) െകാല്ലപ്പെട്ട കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത്. മൈസൂരു സ്വദേശിയെങ്കിലും ഇവര് ഏറെക്കാലമായി കണ്ണൂരിലായിരുന്നു താമസം. 2019 ഏപ്രിൽ ഒന്നിന് പുലർച്ചയാണ് മൃതദേഹം മാവൂർ റോഡിനുസമീപം യു.കെ.എസ് റോഡിലെ സ്വകാര്യ കെട്ടിടത്തിനടുത്ത ആളൊഴിഞ്ഞ ഇടവഴിയിൽ കണ്ടെത്തിയത്. കഴുത്തിൽ സാരി ചുറ്റി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ, കഴുത്തിൽ കുരുക്ക് മുറുക്കിയത് വ്യക്തമായതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
മൃതേദഹം കിടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള സ്ഥാപനത്തിെൻറ സി.സി.ടി.വി കാമറയിൽ ശാലുവിെൻറയും മറ്റുരണ്ടുപേരുടെയും ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും വ്യക്തതയില്ലാത്തതുകാരണം തിരിച്ചറിയാനായില്ല. മൃതദേഹം കിടന്നതിന് തൊട്ടടുത്ത സ്ഥാപനങ്ങളിലെയടക്കം നിരവധി പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് പുനർജനി കൾചറൽ സൊസൈറ്റി പ്രസിഡൻറ് സിസിലി ജോർജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകുകയായിരുന്നു. കേസന്വേഷണം കൈമാറിയെങ്കിലും ഒരുവർഷമായിട്ടും പുരോഗതിയൊന്നും ഉണ്ടാക്കാനായിട്ടില്ല. അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഉദ്യോഗസ്ഥെര നിരന്തരം സ്ഥലം മാറ്റുന്നതാണ് അന്വേഷണം വഴിമുട്ടാൻ ഇടയാക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് രണ്ടുതവണ മാറ്റമുണ്ടായി. ക്രൈംബ്രാഞ്ചിലിപ്പോൾ മൂന്നാമത്തെ ഉേദ്യാഗസ്ഥനാണ് അന്വേഷണം നടത്തുന്നത്. ട്രാൻസ് ജെൻഡറുകളായ അഞ്ചുപേർ വിവിധ ജില്ലകളിൽ കൊല്ലപ്പെട്ടത് ജനശ്രദ്ധയിൽ െകാണ്ടുവരുന്നതിനും അന്വേഷണത്തിന് സമ്മർദം ശക്തമാക്കുന്നതിനും ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ട്രാൻസ് സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.