പ്രായമായ സ്ത്രീകളുടെ ആഭരണം പിടിച്ചുപറിക്കുന്ന രണ്ടംഗസംഘം പിടിയിൽ
text_fieldsകോഴിക്കോട്: ബൈക്കിലെത്തി പ്രായമായ സ്ത്രീകളെ തിരഞ്ഞുപിടിച്ച് മാല പിടിച്ചുപറിക്കുന്ന രണ്ടംഗസംഘം പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷീദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം (33) എന്നിവരെയാണ് ഫറോക്ക് എ.സി.പി സിദ്ദീഖിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
കോവിഡ് പരിശോധനക്ക് ശേഷം കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പന്നിയങ്കര പൊലീസ് പരിധിയിൽ കല്ലായ് വി.കെ. കൃഷ്ണമേനോൻ റോഡിൽ വെള്ളിയാഴ്ച ഉച്ചയോടെ 60കാരിയുടെ ഒന്നരപ്പവൻ താലിമാല ഇവരാണ് പിടിച്ചുപറിച്ചതെന്ന് പൊലീസ് പറഞ്ഞു. അരികിലേക്ക് ബൈക്ക് നിർത്തി പിന്നിലിരുന്ന ഇഞ്ചിൽ ഇറങ്ങിയെത്തി തള്ളിയിട്ട് പിടിച്ചുപറിച്ച് ബൈക്കിൽ പോവുകയായിരുന്നു.
ഉടൻ ക്രൈം സ്ക്വാഡ് അന്വേഷണം നടത്തിയതിനാൽ സൂചന ലഭിച്ചു. വട്ടക്കിണർ ഭാഗത്ത് സിറ്റി ക്രൈം സ്ക്വാഡ് സ്ഥലം വളഞ്ഞ് കീഴ്പ്പെടുത്തുകയായിരുന്നു. പന്നിയങ്കര സ്റ്റേഷനിൽ ചോദ്യംചെയ്യലിൽ വിവിധ പിടിച്ചുപറികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. 2020 ഡിസംബർ 12ന് പൊറ്റമ്മൽ അങ്കത്തിൽ ദാമോദരൻ നായർ റോഡിൽ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാലയും ആലില താലിയും ഫെബ്രുവരി 12ന് രാവിലെ സേവാമന്ദിരം സ്കൂളിന് സമീപം ലോക്കറ്റോട് കൂടിയ ഒന്നര പവന് സ്വർണമാലയും തേഞ്ഞിപ്പലം കൊളകുത്തിൽ യുവതിയുടെ മാലകളും പിടിച്ചുപറിച്ചത് സമ്മതിച്ചു.
കൃത്യത്തിനുപയോഗിച്ച ബൈക്കും സ്വർണമാലയും കണ്ടെടുത്തു. കല്ലായ് ഗുഡ്സ് ഷെഡിൽ നിർത്തിയിട്ട പോർട്ടറുടെ വാഹനം കള്ളത്താക്കോലിട്ട് കൊണ്ടുപോയി പിടിച്ചുപറി നടത്തി കൊണ്ടു വെക്കാറാണ് പതിവ്.
സി.സി.ടി.വിയിൽ പതിയാതിരിക്കാനും മനസ്സിലാവാതിരിക്കാനും ഓടുന്ന ബൈക്കിൽ ഷർട്ട് മാറ്റി പുഴയിലോ മറ്റോ ഉപേക്ഷിക്കും. ജില്ലയിലും പുറത്തും നൂറോളം കേസുകളിൽ പ്രതിയും മോഷണത്തിന് ശിക്ഷിച്ചയാളുമാണ് ജംഷീദ്. മാലകൾ പണയം െവച്ചോ വിറ്റോ ലഹരി വാങ്ങും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.