എലത്തൂരിൽ യു.ഡി.എഫ് തർക്കം തീർന്നു; സുൽഫിക്കർ മയൂരിതന്നെ സ്ഥാനാർഥി
text_fieldsകോഴിക്കോട്: 10 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന തർക്കത്തിനു പരിഹാരം. നാഷനലിസ്റ്റ് കോൺഗ്രസ് കേരളയുടെ (എൻ.സി.കെ) സംസ്ഥാന വൈസ് പ്രസിഡൻറ് സുൽഫിക്കർ മയൂരി യു.ഡി.എഫ് സ്ഥാനാർഥിയായി തുടരും. മലപ്പുറത്ത് യു.ഡി.എഫ് കൺവീനർ എം.എം. ഹസനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പിന്നാലെ എലത്തൂരിലെ ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ യോഗം ചേർന്നു. അമർഷവും പ്രതിഷേധവുമുണ്ടെങ്കിലും കെ.പി.സി.സി തീരുമാനം അംഗീകരിക്കാനായിരുന്നു യോഗത്തിലുണ്ടായ വികാരം. തുടർന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണിയുടെ നാമനിർദേശ പത്രിക പിൻവലിക്കാനും തീരുമാനമായി. ഉച്ചയോടെ ദിനേശ് മണി പത്രിക പിൻവലിച്ചു. യു.ഡി.എഫിനൊപ്പമുള്ള ഭാരതീയ നാഷനൽ ജനതദളിെൻറ സെനിൻ റാഷിയും പത്രിക പിന്നീട് പിൻവലിച്ചതോടെയാണ് എലത്തൂരിലെ ചിത്രം തെളിഞ്ഞത്.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും മണ്ഡലത്തിൽ സജീവമായി പ്രവർത്തനത്തിനിറങ്ങുെമന്നും സുൽഫിക്കർ മയൂരി പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുന്ന നാടായ കോഴിക്കോട് തന്നെയും സ്വീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. അതാണ് യു.ഡി.എഫ് സംസ്കാരം. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ എം.കെ. രാഘവൻ എം.പിക്ക് മാനസിക പ്രയാസമുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും സുൽഫിക്കർ മയൂരി കൂട്ടിച്ചേർത്തു.
അതേസമയം, എം.കെ. രാഘവൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോടുള്ള അമർഷം തുടരുകയാണ്. എലത്തൂരിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ യു.ഡി.എഫ് നേതൃത്വമാകും ഉത്തരവാദിയെന്ന് എം.കെ. രാഘവൻ പറഞ്ഞു. നേരത്തേ അനുവദിച്ച സീറ്റ് ഏകപക്ഷീയമായി എൻ.സി.കെക്ക് കൈമാറിയതിൽ ഭാരതീയ നാഷനൽ ജനതാദളും പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.