ദുരിതപർവം മറന്ന് ഇതാ ഒരു യുക്രെയ്ൻ സെൽഫി
text_fieldsപയ്യന്നൂർ: കല്യാണത്തിന് കൂടാൻ പറ്റുമെന്ന് കരുതിയില്ല. എന്നാൽ, ഭീതിയുടെ നിഴൽ മാറി സ്നേഹതീരത്തണഞ്ഞാൽ കല്യാണം ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? അവർ ആഘോഷിക്കുകയായിരുന്നു സഹപാഠിയുടെ സഹോദരന്റെ വിവാഹം. കഴിഞ്ഞ ദിവസം യുദ്ധഭൂമിയിൽനിന്ന് തിരിച്ചെത്തിയ പയ്യന്നൂർ പെരുമ്പയിലെ ശബാദ് അലിയുടെ മാതൃസഹോദരീ പുത്രൻ കെ. അഫ്സലിന്റെ വിവാഹത്തിനാണ് ഇരുപതോളം സഹപാഠികളെത്തിയത്. യുക്രെയ്നിൽ പഠിക്കുന്ന, കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ.
യുക്രെയ്നിലെ സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർഥികളാണ് എല്ലാവരും. തൃശൂരിൽ നിന്നാണ് നൗഫലും അഹമ്മദും കണ്ണൂരിൽ കല്യാണം കൂടാനെത്തിയത്. ദാനിഷും ശ്രീകാന്തും ഉനൈസും മലപ്പുറക്കാർ. മലപ്പുറം തിരൂരിലെ റാശിദ്, കോട്ടക്കലിലെ ജുനൈദ് എന്നിവരുമുണ്ട് പയ്യന്നൂരിലെത്തിയവരിൽ. ഉനൈസ്, അഷ്കർ (കണ്ണൂര്‍), ഷമ്മാസ് ( പഴയങ്ങാടി), അജ്മൽ (കോഴിക്കോട്), ഗോകുല്‍ (കാഞ്ഞങ്ങാട്), വിശാഖ്, ഷാഫി (വടകര) എന്നിവരുമുണ്ട് യുക്രെയ്ൻ സെൽഫിക്കൂട്ടത്തിൽ. അബൂബക്കര്‍- ഹസീന ദമ്പതികളുടെ മകനാണ് വരൻ അഫ്സൽ. വധു ശാഖിറ നീലേശ്വരത്തെ ഹുസ്സൈന്‍-കമറു ദമ്പതികളുടെ മകളാണ്.
മംഗലപ്പുരയിൽ ആഹ്ലാദം പങ്കിടുമ്പോഴും യുദ്ധഭൂമിയിൽ പൊടിപിടിച്ച് ഇടുങ്ങിയ വെളിച്ചമില്ലാത്ത ബങ്കറിൽ കഴിഞ്ഞതിന്റെ നടുക്കുന്ന ഓർമ ഇവരെ വിട്ടുമാറിയിട്ടില്ല. ഇടതടവില്ലാത്ത ഷെൽ ആക്രമണത്തിന്റെ ഭീകരശബ്ദം കേട്ടു നടുങ്ങിയ ദിനരാത്രങ്ങൾ. ബ്രഡും വെള്ളവുമാണ് ഭക്ഷണം. എന്നാൽ, ശുചിമുറി സൗകര്യമില്ലാത്തതിനാൽ കഴിക്കാൻ കഴിഞ്ഞില്ല.
പലപ്പോഴും വെള്ളവും ചോക്ലറ്റുമായിരുന്നു കഴിച്ചത്. പൊടിയടിച്ച് പലരും തളർന്നുവീണു. ന്യൂക്ലിയർ പവർപ്ലാന്റ് ബങ്കറിനു തൊട്ടടുത്താണെന്നതു ഭീതി ഇരട്ടിയാക്കി. സമീപത്തെ തടാകത്തിൽ യുദ്ധക്കപ്പലുകൾ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വാർത്തയും നടുക്കമുളവാക്കി. കഴിഞ്ഞ 28നാണ് 1500 പേർക്ക് യാത്രാനുമതി ലഭിച്ചത്. തീവണ്ടിയിൽ അഞ്ച് ബോഗികളിലായിരുന്നു യാത്ര. തീവണ്ടിയിലും ഭക്ഷണവും വെള്ളവും കമ്മി. ഹംഗറിയിലെത്തിയ പലർക്കും മുറി കിട്ടിയില്ല.
രണ്ട് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മുറിക്ക് പുറത്തിരിക്കേണ്ടി വന്നവർ നിരവധി. ഇപ്പോൾ ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ ഭാവി ഡോക്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.