നെഞ്ചിടിപ്പോടെ കൊയിലാണ്ടി -താമരശ്ശേരി റോഡിലെ യാത്ര
text_fieldsഉള്ള്യേരി: നവീകരിച്ച കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലൂടെയുള്ള യാത്ര ജീവൻ പണയംവെച്ച്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. വലിയ അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഉള്ള്യേരിക്കു സമീപം കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാലു പേർക്കാണ് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് മുണ്ടോത്ത് പള്ളിക്കു സമീപം കാർ സ്കൂട്ടറിലിടിച്ച് ആനവാതിൽ സ്വദേശിയായ അതുലിന് (23) പരിക്കേറ്റു. ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗതയിൽ നിയന്ത്രണംവിട്ട കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു. സമീപത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലിടിച്ച ശേഷമാണ് കാർ നിന്നത്.
ഉള്ള്യേരി സപ്ലൈകോ മാർക്കറ്റിന് സമീപം ചൊവ്വാഴ്ച രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം മുണ്ടോത്ത് കള്ളുഷാപ്പിന് സമീപവും ബൈക്കിടിച്ച് കാൽനടക്കാരന് പരിക്കേറ്റിരുന്നു.
റോഡ് നവീകരണം നടന്ന് മാസങ്ങൾക്കുള്ളിൽ ആറുപേർ റൂട്ടിൽ വാഹനാപകടങ്ങളിൽ മരണപ്പെട്ടു. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. സ്ഥിരമായി ഹൈവേ പൊലീസ് ഡ്യൂട്ടിയിലുണ്ടാവാറുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. ലൈസൻസില്ലാതെയും അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കാര്യമായ നടപടികളുണ്ടാവാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.