നാട്ടുകാർക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ‘പുതുവത്സര സമ്മാനം’
text_fieldsഉള്ള്യേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ മാമ്പൊയിലിൽ പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷമുള്ള ഒ.പി നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. ബ്ലോക്ക് പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടർ ജോലി മതിയാക്കി പോയതോടെയാണ് പ്രതിസന്ധിയുണ്ടായത്.
പുതുവത്സര ദിനത്തിൽ ഉച്ചക്കുശേഷം ആശുപത്രിയിലെത്തിയ രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുകയായിരുന്നു. മൂന്നുവർഷം മുമ്പ് ഇവിടെ ആരംഭിച്ച ഉച്ചക്കുശേഷമുള്ള ഒ.പി നിരവധി രോഗികൾക്ക് പ്രയോജനപ്രദമായിരുന്നു. വൈകീട്ട് അഞ്ചു മണി വരെ ഒ.പി പ്രവർത്തിച്ചിരുന്നു. ശരാശരി നൂറോളം രോഗികൾ ഉച്ചക്കുമാത്രം ചികിത്സ തേടി എത്താറുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെ ഒ.പി നിർത്തലാക്കിയതോടെ രോഗികൾ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്ന സാഹചര്യമാണ്.
അതേസമയം, ഈ ഒഴിവിലേക്ക് പുതിയ ഡോക്ടറെ നിയമിക്കുന്നതിന് കാലതാമസമെടുക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങളിലേക്ക് ഡോക്ടർമാരെ നിയമിക്കാനുള്ള അനുമതി നേരത്തേ ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്താണ് ഡോക്ടറെ നിയമിച്ചിരുന്നത്. ഏതാനും വർഷമായി ഒരേ ഡോക്ടർ തന്നെയാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
എന്നാൽ, ഇത്തരം ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ എന്ന സർക്കാർ ഉത്തരവ് അടുത്തദിവസം വന്നിരുന്നു. ഇതോടെയാണ് പുതിയ ഡോക്ടറുടെ നിയമനം നീളുമെന്ന ആശങ്ക ഉണ്ടായിരിക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർ രാജിവെച്ചതും ഉച്ചക്കു ശേഷമുള്ള ഒ.പി നിലച്ചതും മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. എന്നാൽ, ഈ പ്രതിസന്ധി മുൻകൂട്ടി കാണുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നതിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.