ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭശ്മശാനം ഉള്ള്യേരിയിൽ
text_fieldsഉള്ള്യേരി: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭശ്മശാനം ഉള്ള്യേരിയിൽ പ്രവർത്തനസജ്ജമായി. പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവുസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനം ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ദക്ഷിണേന്ത്യയിലെതന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ശ്മശാനമാണിത്. പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് പ്രശാന്തി ഗാർഡൻ നിർമിച്ചത്. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 4.25 കോടി രൂപയും കെ.എം. സചിൻദേവ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും പഞ്ചായത്തിന്റെ 27 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കാട്ട്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിർത്തിയാണ് നിർമാണം നടത്തിയത്. മല തുരന്ന് നിർമിച്ച പ്രകൃതിസൗഹൃദ മാതൃക ശ്മശാനം കാഴ്ചയിലും വ്യത്യസ്തമാണ്. ഉദ്യാനം, ഇടവഴികൾ, വായനമുറികൾ, ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും ശ്മശാനം ഉപയോഗിക്കാൻ കഴിയും.
സംസ്ഥാനപാതയിൽ പാലോറയിൽനിന്ന് 700 മീറ്റർ സഞ്ചരിച്ചാൽ ശ്മശാനത്തിൽ എത്തിച്ചേരാം. ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. മൊബൈൽ മോർച്ചറി, ആംബുലൻസ്, മരണാനന്തര ചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. കുളിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ട്.
ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാണ് ഇവിടെ സംസ്കാര ചടങ്ങുകൾ. ഒന്നര മണിക്കൂറിനകം സംസ്കാരം പൂർത്തിയാകും. ട്രോളിയിലൂടെ ചൂളയിൽ വെക്കുന്ന മൃതദേഹം സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന പുക ശുദ്ധീകരിച്ചാണ് മലയ്ക്കുമുകളിലെ 30 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തുവിടുക. 15 മുതൽ 18 കിലോഗ്രാം പാചകവാതകമാണ് ഒരു മൃതദേഹം സംസ്കരിക്കാൻ ആവശ്യം വരുക. ആർക്കിടെക്ട് വിനോദ് സിറിയക്കാണ് ശ്മശാനത്തിന്റെ രൂപകല്പന ചെയ്തത്. യു.എൽ.സി.സിയാണ് നിർമാണച്ചുമതല നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.