കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്; വലഞ്ഞ് ജനം
text_fieldsഉള്ള്യേരി: കാർ യാത്രികർ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഈ റൂട്ടിൽ സർവിസ് നടത്തുന്ന അജ്വ ബസിലെ ഡ്രൈവർ ലിനീഷിനാണ് മർദനമേറ്റത്. ശനിയാഴ്ച വൈകീട്ട് മൊടക്കല്ലൂരിന് സമീപം കൂമുള്ളിയിലാണ് കാർയാത്രികരും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്.
ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത തന്റെ കാറിൽ ബസ് മനഃപൂർവം ഇടിപ്പിച്ചതായും മർദിച്ചതായുമാണ് കാർ യാത്രികൻ ജംഷിദിന്റെ പരാതി. എന്നാൽ, കാർ ബസിന് കുറുകെയിട്ട് കാർ യാത്രക്കാർ മർദിച്ചതായാണ് ബസ് ഡ്രൈവറുടെ പരാതി. പരിക്കേറ്റ ബസ് ഡ്രൈവർ ലിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും കാർ യാത്രികൻ ജംഷീദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസ് ഡ്രൈവറുടെ പരാതിയിൽ കാർ ഉടമക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു. ഞായറാഴ്ച രാവിലെയാണ് പലരും പണിമുടക്ക് വിവരം അറിഞ്ഞത്. അത്യാവശ്യ യാത്രക്കാർ പെരുവഴിയിലായി. നാമമാത്രമായ കെ.എസ്.ആർ.ടി.സി ബസുകളെയാണ് ജനം ആശ്രയിച്ചത്.
കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറ്
പേരാമ്പ്ര: സംസ്ഥാന പാതയിൽ കല്ലോട് എരഞ്ഞി അമ്പലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറ്. ഡ്രൈവർ പാലേരി സ്വദേശി മനോജിന് (56) പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് മാനന്തവാടിക്ക് പോകുകയായിരുന്ന ബസിന് നേരെയായിരുന്നു ഞായറാഴ്ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നതുകൊണ്ട് കെ.എസ്.ആർ.ടി.സിയായിരുന്നു ഏക ആശ്രയം.
ഇന്നും പണിമുടക്കിന് സാധ്യത
ഉള്ള്യേരി: ഡ്രൈവറെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ തിങ്കളാഴ്ചയും പണിമുടക്കിന് സാധ്യത. മൊടക്കല്ലൂരിന് സമീപം കൂമുള്ളിയിൽ ശനിയാഴ്ച വൈകീട്ട് ഈ റൂട്ടിൽ സർവിസ് നടത്തുന്ന അജ്വ ബസിലെ ഡ്രൈവർ ലിനീഷിന് മർദനമേറ്റിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച സ്വകാര്യ ബസ് ജീവനക്കാർ മിന്നൽപണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ചാണ് സംയുക്ത തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ചയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച് തൊഴിലാളി യൂനിയനുകളുടെ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ബസ് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പണിമുടക്കിനുള്ള ആഹ്വാനം പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.