നിലംപൊത്താറായ കൂരയിൽ ജീവൻ പണയംവെച്ച് അമ്മയും മകളും
text_fieldsഉള്ള്യേരി: മഴ കനക്കുമ്പോൾ നിർമലയുടെ മനസ്സിൽ തീയാണ്. ആനവാതിൽ നാറാത്ത് വെസ്റ്റ് നെല്ലിക്കുന്ന് അരീക്കൽ മീത്തൽ നിർമലയും 85 വയസ്സായ അമ്മ അരിയായിയും 12 വർഷമായി ഈ ഷെഡിലാണ് താമസം. ടാർപോളിൻ കൊണ്ടുള്ള മേൽക്കൂരയും ചുമർ പോലുമില്ലാത്ത ഷെഡിൽ വൈദ്യുതി ലഭിച്ചിട്ടില്ല. തൂണുകൾ ചരിഞ്ഞുവീഴാറായ ഇവിടെ ഭീതിയോടെയാണ് ഇവർ അന്തിയുറങ്ങുന്നത്.
മഴ കനക്കുമ്പോൾ പലപ്പോഴും അടുത്ത വീട്ടിൽ അഭയം തേടാറാണ് പതിവ്. പതിനേഴാം വാർഡിൽ അണ്ണക്കൊട്ടൻ ചാലിൽ ഇവർ താമസിക്കുന്ന ഷെഡ് ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണുള്ളത്. പട്ടികജാതി വിഭാഗത്തിൽപെട്ട തനിക്ക് സ്ഥലംവാങ്ങി വീടുവെക്കാൻ മൂന്നു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് പണം അനുവദിച്ചിരുന്നുവെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതുവരെ പണം ലഭിച്ചില്ലെന്നും നിർമല പറയുന്നു.
അമ്മയുടെ പേരിൽ നാലു സെന്റ് ഭൂമിയുള്ളതിനാൽ തുക അനുവദിക്കാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, അമ്മയുടെ പേരിലുള്ള ഭൂമി മലമുകളിലാണെന്നും റോഡ് സൗകര്യം പോലുമില്ലാത്ത ഇവിടെ വീട് വെക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
അനുവദിച്ച ഫണ്ട് ലഭിക്കുന്നതിന് രണ്ടുതവണ ജില്ല കലക്ടർക്ക് പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും നിർമല പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളോ സമീപിക്കാത്ത ജനപ്രതിനിധികളുമില്ല. ഷെഡിൽ അമ്മയെ ഒറ്റക്കാക്കി വീടുകളിൽ ജോലിക്ക് പോയാണ് ഇവർ കുടുംബം പുലർത്തുന്നത്. തങ്ങളുടെ ദുരിതജീവിതത്തിന് അറുതിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിർമല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.