ഗൗതം ദേവിനെ മനസ്സിലോർത്ത് മൃണാൾ ഇനി സ്‌കൂളിലെത്തും
text_fieldsഉള്ള്യേരി: കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോകാനും നാടുകാണാനുമുള്ള മൃണാൾ കൃഷ്ണയുടെ കാത്തിരിപ്പിന് വിരാമം. മസ്കുലാർ ഡിസ്ട്രോഫി പിടിപെട്ട് വർഷങ്ങളായി വീടകം മാത്രമായിരുന്നു കക്കഞ്ചേരി ഗവ. യു.പി സ്കൂളിലെ ഏഴാംതരം വിദ്യാർഥിയായ മൃണാളിന്റെ ലോകം.
തന്റെ ആഗ്രഹം പലപ്പോഴും അവൻ പറയാറുണ്ടായിരുന്നുവെങ്കിലും വീട്ടിലേക്കുള്ള ദുർഘടവഴിയും അനുയോജ്യ വാഹനത്തിന്റെ അഭാവവും നിമിത്തം കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. എന്നാൽ, മൃണാളിനെ ചേർത്തുപിടിക്കാൻ നാട്ടുകാരും പൂനത്ത് കൃഷ്ണാലയത്തിലെ ദേവേശനും കുടുംബവും രംഗത്തെത്തി. അകാലത്തിൽ തങ്ങളെ വിട്ടുപോയ മകൻ ഗൗതം ദേവിന്റെ ഓർമക്കായി ദേവേശനും അഞ്ജുവും നൽകിയ ഇലക്ട്രിക് വീൽ ചെയറിലാണ് മൃണാളിന്റെ ഇനിയുള്ള സഞ്ചാരം.
നാട്ടുകാരുടെ കഠിനാധ്വാനത്തിൽ രണ്ടുദിവസംകൊണ്ട് വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ദേവേശനും കുടുംബവും ഇലക്ട്രിക് വീൽചെയർ മൃണാളിന് കൈമാറി. ഉേള്ള്യരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, പ്രധാനാധ്യാപകൻ സി. അരവിന്ദൻ, ഷാജി എൻ. ബൽറാം, വി.ടി. മനോജ്, ഇർഷാദ്, സി.എം. സന്തോഷ്, മജീദ്, കെ.പി. മനോജ്, സി.എം. ശശി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.