വേദനയായി നസീഫ് അൻവർ; പാറക്കുളത്തിൽ പൊലിഞ്ഞത് നാലാമത്തെ ജീവന്
text_fieldsഉള്ള്യേരി: ആനവാതിൽ കൊമ്മോട്ട് പാറക്കുളത്തിൽ മുങ്ങിമരിച്ച ഏഴുവയസ്സുകാരൻ നസീഫ് അൻവർ നാടിനു തീരാവേദനയായി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി കാൽ കഴുകാൻ എത്തിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. ഇതോടെ ഈ പാറക്കുളത്തിൽ പൊലിഞ്ഞത് നാലാമത്തെ ജീവനാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ആനവാതില്‍ വടക്കയില്‍ മൂസക്കുട്ടി ഇവിടെ മുങ്ങിമരിച്ചിരുന്നു. വസ്ത്രം അലക്കുന്നതിനിടെ മുണ്ടോത്ത് പിലാത്തോടന്‍ കണ്ടി പ്രസന്നയും, പത്രവിതരണത്തിനിടെ ആനവാതിൽ കണ്ടോത്ത് കൃഷ്ണൻ കുട്ടിയും ഇതേ കുളത്തിൽ മുങ്ങി ജീവൻ നഷ്ടപ്പെട്ടു.
ഈ മൂന്നു സംഭവങ്ങളിലും ഏറെ വൈകിയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സംസ്ഥാന പാതയോടു ചേർന്നുകിടക്കുന്ന പ്രവര്‍ത്തനം നിലച്ച ഈ കരിങ്കൽ ക്വാറിയില്‍ കടുത്ത വേനലില്‍പോലും നാലാള് പൊക്കത്തില്‍ വെള്ളം ഉണ്ടാകും. അലക്കാനും വാഹനങ്ങള്‍ കഴുകാനും നാട്ടുകാര്‍ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഒരുവിധത്തിലുള്ള സുരക്ഷ സംവിധാനവും ഇവിടെയില്ല. രണ്ടു വശത്തും വെള്ളം നിറഞ്ഞ പാറക്കുളത്തിെൻറ നടുവിലൂടെ വീതികുറഞ്ഞ റോഡും ഉണ്ട്.
കുട്ടികള്‍ അടക്കം നിരവധി പേര് കാൽനടയായി സഞ്ചരിക്കുന്ന ഭാഗമാണിത്. വാഹനങ്ങളും ഇതുവഴി പോകാറുണ്ട്. അമ്പതോളം വീട്ടുകാർ ഈ വഴി ഉപയോഗിക്കുന്നുമുണ്ട്. ഈ ഭാഗത്തെ അപകട ഭീഷണിയെക്കുറിച്ച് 'മാധ്യമം' പല സമയങ്ങളിലായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍, ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ക്വാറിയുടെ ഒരു ഭാഗം മണ്ണിട്ട് നികത്തുകയും മറുഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുകയും ചെയ്തില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒരു കുഞ്ഞുജീവൻ കൂടി പൊലിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.