നവകേരള സദസ്സ്: പങ്കെടുത്തില്ലെങ്കിൽ നടപടി; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശബ്ദസന്ദേശം പുറത്ത്
text_fieldsഉള്ള്യേരി: നവകേരള സദസ്സിന്റെ പ്രചാരണയോഗത്തിലും പരിപാടിയിലും പങ്കാളികളാവാത്ത കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശബ്ദസന്ദേശം.
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമനാണ് കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാലാം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് ജനറൽ ബോഡി വിളിച്ചിരുന്നത്.
90 അംഗങ്ങളിൽ 10 പേർ മാത്രമാണ് അന്ന് യോഗത്തിന് എത്തിയത്. ഈ കാര്യം സൂചിപ്പിച്ചാണ് എ.ഡി.എസ് അംഗങ്ങളുടെയും അയൽക്കൂട്ടം അംഗങ്ങളുടെയും ഗ്രൂപ്പിൽ സന്ദേശമയച്ചത്. നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായി പ്രധാന പങ്കുവഹിക്കേണ്ട തൊഴിലുറപ്പ് മേഖലയിൽപെട്ടവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഗൗരവമായി കാണുമെന്നും നവംബർ 12ന് വീണ്ടും വിളിച്ചുചേർത്ത ജനറൽ ബോഡിയിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്നും അതിൽ പറയുന്നു.
വാർഡിലെ ജനറൽ ബോഡിയിലും നവംബർ 25ന് ബാലുശ്ശേരിയിൽ നടക്കുന്ന നവകേരള സദസ്സിലും പങ്കെടുത്തവരെ മാത്രമേ തൊഴിലുറപ്പ് മസ്റ്റർ റോളിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ എന്ന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
സഹകരിക്കാതിരിക്കുന്നവർ പിന്നീട് പരാതിയുമായി പഞ്ചായത്ത് ഓഫിസിൽ വരരുതെന്നും വൈസ് പ്രസിഡന്റ് പറയുന്നു. ബാലുശ്ശേരിയിലെ നവകേരള പരിപാടിക്ക് പോകുന്ന വാഹനത്തിൽ കയറുകയും പരിപാടി കഴിയുംവരെ സദസ്സിൽ ഇരിക്കുകയും ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി.
വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ എ.ഡി.എസ് ജനറൽ ബോഡി നടന്ന എ.കെ.ജി വില്ലയിലേക്ക് മാർച്ച് നടത്തി. വൈസ് പ്രസിഡന്റിനെ തടയാനും ശ്രമമുണ്ടായി. സംസ്ഥാന സർക്കാറിന്റെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് അറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും സദുദ്ദേശ്യത്തോടെ നൽകിയ സന്ദേശത്തെ തൽപരകക്ഷികൾ വിവാദമാക്കുകയായിരുന്നുവെന്നും എൻ.എം. ബാലരാമൻ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.