കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചില്‍; നടപടിയെടുക്കാതെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും
text_fieldsഉള്ള്യേരി: കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ ഏതാനും വര്‍ഷത്തിനിടെ പൊലിഞ്ഞത് നിരവധി ജീവൻ. പരിക്കേറ്റ് കിടപ്പിലായവര്‍ അതിലേറെ. കൊലവിളിയുമായി ബസുകള്‍ ചീറിപ്പായുമ്പോഴും ഫലപ്രദമായ നടപടിയെടുക്കാതെ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിലപാടിൽ പ്രതിഷേധം ശക്തമാണ്.
ബുധനാഴ്ച രാത്രി ഉള്ള്യേരി എ.യു.പി സ്കൂളിനുസമീപം സ്കൂട്ടറിൽ ബസിടിച്ചതാണ് ഏറ്റവും ഒടുവിലുണ്ടായ അപകടം. ഇതിൽ പരിക്കേറ്റ നടുവണ്ണൂർ കാവുന്തറ സ്വദേശി മുഹമ്മദ് ഫാമിസ് (22) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് വഴിവെച്ചതെന്നു ബസ് യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞു. മേയ് 13ന് അത്തോളി റൂട്ടിൽ പുറക്കാട്ടിരി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശിയായ ബിരുദ വിദ്യാർഥി അശ്വന്ത് മരിച്ചിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കുറ്റ്യാടി റൂട്ടിലോടുന്ന ബസ് അശ്വന്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഡ്രൈവറെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ മൂന്നുദിവസം പണിമുടക്ക് നടത്തി ജനത്തെ ദുരിതത്തിലാക്കിയത്. ചാലിക്കരയിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യ ബസ് മനഃപൂർവം ഇടിപ്പിച്ചുവെന്ന പരാതിയിലാണ് ഡ്രൈവറെ അറസ്റ്റുചെയ്തത്. അത്തോളിക്കുസമീപവും കഴിഞ്ഞ മാസം സമാന സംഭവം ഉണ്ടായിരുന്നു. എന്നാൽ, മൂന്നുദിവസം പണിമുടക്ക് നടത്തി ജനത്തെ പെരുവഴിയിലാക്കിയ സംഭവത്തിൽ ജില്ല ഭരണകൂടത്തിന്റെ പോലും ഇടപെടൽ ഉണ്ടായില്ല.
നാലുവർഷം മുമ്പ് പേരാമ്പ്ര മുളിയങ്ങലിനുസമീപം ബസിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചിരുന്നു. മത്സരയോട്ടത്തിനിടെ മുന്നിലുള്ള ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ഉള്ള്യേരി കരുമ്പാപൊയിലില് കാറില്‍ ബസിടിച്ച് നാദാപുരം സ്വദേശികളായ മഹല്ല് ഖാദിയും മരുമകനും തല്‍ക്ഷണം മരിച്ചിരുന്നു. കടിയങ്ങാടിനുസമീപം അപകടമരണം വരുത്തിയ സ്വകാര്യ ബസിനു ജനം തീവെച്ചിരുന്നു. ഉള്ള്യേരി മാമ്പൊയിലില്‍ ബസപകടത്തില്‍ മുസ്ലിം ലീഗ് നേതാവ് ഒ.സി. മുഹമ്മദ് കോയ ഹാജിയും മറ്റൊരപകടത്തിൽ ഭര്‍ത്താവിനു പിന്നില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും ബസ് തട്ടി മരിച്ചിരുന്നു. തെരുവത്തുകടവ് പാലത്തിനുസമീപം ബസിനടിയില്‍പെട്ട് സ്കൂള്‍ വിദ്യാര്‍ഥിയും ഉള്ള്യേരി പെട്രോള്‍ പമ്പിനടുത്ത് ബസിനടിയില്‍പെട്ട് പിഞ്ചുകുട്ടിയും മരിച്ചത് ഏതാനും വർഷംമുമ്പാണ്.
ബസില്‍നിന്നുവീണ് കണ്ടക്ടര്‍ മരിച്ചതും തുറന്നിട്ട മുന്‍വാതിലിലൂടെ റോഡിലേക്കുവീണ് കോളജ് വിദ്യാർഥിനി മരിച്ചതുമടക്കം ഈ റൂട്ടില്‍ അപകട മരണങ്ങൾ വേറെയുമുണ്ട്.
പുറക്കാട്ടിരി പാലത്തിനുസമീപം വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും ബസ് ഡ്രൈവറെ അറസ്റ്റുചെയ്യാൻ പൊലീസ് തയാറാവാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ കുട്ടിയുടെ ബന്ധുക്കൾ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയ ശേഷമാണ് ഡ്രൈവറെ അറസ്റ്റുചെയ്യാൻ തയാറായത്.
വന്‍ സ്വാധ്വീനമുള്ള ബസുടമകള്ക്കുമുന്നിൽ സകല നിയമങ്ങളും കാറ്റിൽപറക്കുന്ന കാഴ്ചയാണ്. മിനിറ്റുകളുടെ ഇടവേളയില്‍ സ്റ്റാൻഡില്‍നിന്നും പുറപ്പെടുന്ന ബസുകള്‍ സകല നിയമങ്ങളും ലംഘിച്ചാണ് ഓടുന്നതെന്നാണ് പരാതി.
സ്പീഡ് ഗവേണര്‍ അഴിച്ചുമാറ്റി ഓടിയ ബസ് മോട്ടോര്‍ വാഹന അധികൃതര്‍ പിടികൂടിയ സംഭവമുണ്ടായിരുന്നു. എന്നാല്‍, ഇതിലൊന്നും തുടർനടപടി ഉണ്ടാവാറില്ലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.