ഉള്ള്യേരിയിൽ തെരുവുനായ്ക്കളെ പിടികൂടാൻ പഞ്ചായത്തിന്റെ ഇടപെടൽ
text_fieldsഉള്ള്യേരി: തെരുവുനായ് ശല്യം രൂക്ഷമായ ആനവാതിൽ, കന്നൂര്, ഒള്ളൂർ റോഡ് ഭാഗത്ത് ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയുടെ വാഹനത്തിൽ നായ് പിടിത്തക്കാർ എത്തി. പിടികൂടിയ നായ്ക്കളെ പനങ്ങാട് വട്ടോളിയിലുള്ള വന്ധ്യംകരണ കേന്ദ്രത്തിലേക്ക് മാറ്റി. തെരുവുനായ് ശല്യത്തെക്കുറിച്ച് ‘മാധ്യമം’ വെള്ളിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യാഴാഴ്ച പകലും രാത്രിയിലുമായി ഈ ഭാഗത്ത് നാലുപേർക്ക് കടിയേറ്റിരുന്നു.
ശനിയാഴ്ച ആനവാതിൽ ഭാഗത്ത് നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിന് വെള്ളിയാഴ്ച ചെയ്തതുപോലെ അവയെ വന്ധ്യംകരണ കേന്ദ്രത്തിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, നായ്ശല്യം രൂക്ഷമാവുമ്പോഴും സർക്കാർ ആശുപത്രികളിൽ പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ ലഭ്യമാവാത്ത അവസ്ഥയുമുണ്ട്.
കഴിഞ്ഞ ദിവസം കടിയേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് കുത്തിവെപ്പെടുത്തത്. തുടർന്നുള്ള ദിവസങ്ങളിലും ഇവർ കുത്തിവെപ്പെടുക്കാൻ മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.