തീവെപ്പും കവർച്ച കേസും; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsഉള്ള്യേരി: തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. തെരുവത്ത്കടവ് ഒറവിൽ പുതുവയൽകുനി ഫായിസിനെയാണ് (29) അത്തോളി പൊലീസ് കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് ജില്ലക്കു പുറത്ത് താമസിക്കണം.
ജില്ലയിൽ പ്രവേശിക്കാൻ എസ്.പിയുടെ അനുമതി വാങ്ങണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ ഇയാളെ ജില്ലക്ക് പുറത്തേക്ക് നാടു കടത്തി. 2023 ഫെബ്രുവരിയിൽ തെരുവത്ത് കടവിൽ സ്ത്രീ താമസിക്കുന്ന വീട്ടിൽ നടത്തിയ തീവെപ്പ് ഉൾപ്പെടെ നാലോളം അക്രമ സംഭവങ്ങളിൽ ഇയാൾക്കെതിരെ കേസുകളെടുത്തിരുന്നു.
ഇതടക്കമുള്ള വിശദമായ റിപ്പോർട്ട് അത്തോളി പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത് ജില്ല റൂറൽ പൊലീസ് മേധാവി കറുപ്പ് സാമിക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് ജില്ല കലക്ടറുടെ അനുമതിയോടെ കാപ്പ ചുമത്തുകയായിരുന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ച പുലർച്ചെയും പൊലീസ് ഫായിസിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രാവിലെ ഒമ്പതോടെ ഫായിസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തും എസ്.ഐ ആർ. രാജീവും നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.