വിളിച്ചുവരുത്തിയ ദുരന്തം; നാട്ടുകാരുടെ എതിർപ്പിന് പുല്ലുവില
text_fieldsഉള്ള്യേരി: ആനവാതിൽ തോന്യേൻ മലയിൽ റോഡ് റോളറിനടിയിൽപെട്ട് ഡ്രൈവർ മരിച്ച സംഭവം അപകടം വിളിച്ചുവരുത്തിയതെന്ന് ആക്ഷേപം. മധ്യപ്രദേശ് നരസിംഹപുര് ദിഹീയ സ്വദേശി മോലിയാണ് (60) ദാരുണമായി മരിച്ചത്. റോളർ കുത്തനെയുള്ള മല കയറ്റുന്നതിനുമുമ്പ് ഒരുവിധ സുരക്ഷയെക്കുറിച്ചും ബന്ധപ്പെട്ടവർ ആലോചിക്കുക പോലും ചെയ്തില്ലെന്നതാണ് വസ്തുത. സ്വകാര്യ കോളജിനായി മണ്ണെടുത്ത മലയിൽനിന്ന് പ്രവൃത്തി കഴിഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. റോളറിനടിയിൽപെട്ട ഡ്രൈവർ ഏറെസമയം അടിയിൽ കുടുങ്ങിക്കിടന്നു. ഓടിയെത്തിയ നാട്ടുകാർക്കാവട്ടെ നിസ്സഹായരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. സംഭവസമയം സ്വകാര്യ കോളജുമായി ബന്ധപ്പെട്ട ആരും സ്ഥലത്തുണ്ടായിരുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയും എസ്കവേറ്ററും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയിലെ നാല് ഏക്കറോളം സ്ഥലത്തുനിന്ന് നാട്ടുകാരുടെ എതിർപ്പ് മറികടന്ന് നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയത്. മലയിടിച്ചിലും കുടിവെള്ളക്ഷാമവും ചൂണ്ടിക്കാട്ടി നാട്ടുകാർ മല സംരക്ഷണ സമിതി രൂപവത്കരിക്കുകയും പഞ്ചായത്തിലടക്കം പരാതി നൽകുകയും ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്തിൽ നടന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കാറ്റിൽ പറത്തി വാഗഡ് കമ്പനിക്ക് ദേശീയപാത നിർമാണത്തിനായി മലയിലെ മണ്ണ് കോളജ് ഉടമകൾ നൽകിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വാഗഡ് കമ്പനിയുടെ വലിയ ലോറികളിൽ രണ്ടു മാസം മുമ്പ് ദിവസങ്ങളോളം ഇവിടെനിന്ന് മണ്ണ് കൊണ്ടുപോയിരുന്നു. ഇതേത്തുടർന്ന് തകർന്ന ആനവാതിൽ-നാറാത്ത് റോഡ് ഇതുവരെ നന്നാക്കിയിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കെ തന്നെ മലയിൽ വീണ്ടും സ്ഥലം വാങ്ങുകയും റബർ മരങ്ങൾ വെട്ടിമാറ്റിയശേഷം മണ്ണ് കടത്താൻ നീക്കം നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, വാർഡ് മെംബർ കെ. ബീന എന്നിവർ സ്ഥലത്തെത്തിയിരുന്നു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ കോളജുമായി ബന്ധപ്പെട്ടവരോട് നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇനിയും മണ്ണ് കടത്താനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.