തുറക്കാൻ ദിവസങ്ങൾ മാത്രം; സ്‌കൂൾ മേൽക്കൂര തകർന്നു
text_fieldsഉള്ള്യേരി: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കന്നൂർ ഗവ. യു.പി സ്കൂളിന്റെ മേൽക്കൂരയിലെ മരത്തിന്റെ ബീം പൊട്ടിവീണു. അഞ്ചു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിന്റെ കാലപ്പഴക്കം വന്ന ബീം ആണ് പൊട്ടിവീണത്.
തൊട്ടടുത്ത് തന്നെ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം അഞ്ചു ക്ലാസുകൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 95 വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഇത്തവണ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയുടെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയോടെ മേൽക്കൂര തകർന്നത്. രണ്ടുദിവസം മുമ്പ് ഈ ഹാളിൽ ഗ്രാമസഭ നടന്നിരുന്നു.
സ്‌കൂൾ പ്രവർത്തിക്കുന്ന സമയത്തായിരുന്നു അപകടമെങ്കിൽ വൻ ദുരന്തമാകുമായിരുന്നു. പഞ്ചായത്തിൽനിന്നും കെട്ടിടത്തിന്റെ വാടക വാങ്ങുന്നതുമായി ബന്ധപ്പെട്ടു അവകാശികൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനാലാണ് അറ്റകുറ്റപ്പണികൾ വൈകുന്നത്. പി.ടി.എ മുൻകൈയെടുത്താണ് അത്യാവശ്യം വേണ്ട ചില പണികൾ ചെയ്തത്.
മരത്തിന്റെ വലിയ ബീം തകർന്നതോടെ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്കയുണ്ട്. അഞ്ചു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഒറ്റ ഹാൾ ആണിത്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ മുഴുവൻ സുരക്ഷാ പരിശോധനയും നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഇപ്പോൾ പൊട്ടിവീണതുപോലുള്ള വേറെയും ബീമുകൾ ഈ ഹാളിലുണ്ട്. കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. സുധ, പഞ്ചായത്ത് പ്രസിഡന്റ് സി. അജിത, വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ എന്നിവർ സ്‌കൂൾ സന്ദർശിക്കുകയും അടിയന്തരയോഗം ചേരുകയും ചെയ്തു. ക്ലാസുകൾ നടത്താൻ താൽക്കാലിക സംവിധാനം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് സ്‌കൂൾ അധികൃതർ നാട്ടുകാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.