സംസ്ഥാന പാത നവീകരണം; ഭീഷണിയായി റോഡരികിൽ മരത്തടികൾ
text_fieldsഉള്ള്യേരി: നവീകരണ പ്രവൃത്തികൾ നടക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമായില്ല. പ്രവൃത്തി ആരംഭിച്ച സമയത്തുതന്നെ ഇതുസംബന്ധിച്ച് നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കരാർ കമ്പനിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ചുരുങ്ങിയ കാലയളവിൽ ഉണ്ടാവുകയും ചെയ്തിരുന്നു. ഓവുചാൽ നിർമാണത്തിനായി റോഡിനു കുറുകെ കീറിയ കിടങ്ങിൽ വീണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുകവരെ ചെയ്തിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ലെന്നതാണ് വാസ്തവം.
റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പഴയ ടാറിങ്ങിന്റെ അവശിഷ്ടങ്ങളും മറ്റും പലയിടങ്ങളിലായി രോഡരികിൽതന്നെ കൂട്ടിയിടുന്ന അവസ്ഥയാണ്. മുറിച്ചുമാറ്റുന്ന മരത്തടികളും റോഡരികിൽ അലക്ഷ്യമായി കൊണ്ടിടുന്നത് അപകട ഭീഷണി ഉണ്ടാക്കുന്നുണ്ട്. മുണ്ടോത്ത് പള്ളിക്കു സമീപത്തെ വളവിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് കൂറ്റൻ മരത്തടി ടിപ്പർ ലോറിയിൽ കൊണ്ടിട്ടത്. പകൽ സമയത്തുപോലും ഇത് അപകടഭീഷണി ഉയർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത ഏറെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.