ഉള്ള്യേരിയിൽ തെരുവുനായ് ശല്യം; ആനവാതിലിൽ മൂന്നുപേർക്ക് കടിയേറ്റു
text_fieldsഉള്ള്യേരി: ഗ്രാപമഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായി. ആനവാതിൽ ഭാഗത്ത് വ്യാഴാഴ്ച ഉച്ചയോടെ മൂന്നുപേർക്ക് കടിയേറ്റു. ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സ്ത്രീയെ നായ് ആക്രമിക്കുകയും വസ്ത്രം കടിച്ചുകീറുകയും ചെയ്തെങ്കിലും ഇവർ കടിയേൽക്കാതെ രക്ഷപ്പെട്ടു. കന്നൂർ, ഒള്ളൂർ റോഡ്, ആനവാതിൽ, മുണ്ടോത്ത്, കക്കഞ്ചേരി, നാറാത്ത് ഭാഗങ്ങളിലെല്ലാം നായ്ശല്യം മൂലം ജനം ഭീതിയിലാണ്.
റോഡരികിലും ബസ് സ്റ്റോപ്പുകളിലും കൂട്ടത്തോടെ കിടക്കുന്ന നായ്ക്കൾ ഏതുസമയത്താണ് ആക്രമണസ്വഭാവം കാണിക്കുകയെന്ന് പറയാനാവില്ല. ഉള്ള്യേരി ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ യാത്രക്കാർക്കും ഭീഷണിയായിട്ടുണ്ട്. ശരിയായ മാലിന്യസംസ്കരണ സംവിധാനമില്ലാത്ത ഹോട്ടലുകളും ഇറച്ചിക്കോഴി വിൽപനക്കടകളും ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതായും ഇത് തെരുവുനായ്ക്കൾ പെരുകാൻ കാരണമാവുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.
നായ് ശല്യം മൂലം പല വീട്ടമ്മമാരും കോഴിവളർത്തലും കന്നുകാലി വളർത്തലും വരെ ഉപേക്ഷിച്ചു. രണ്ടുമാസം മുമ്പ് ആനവാതിലിലെ ക്ഷീരകർഷകന്റെ അര ലക്ഷത്തോളം വിലവരുന്ന കറവപ്പശു നായുടെ കടിയേറ്റ് ചത്തിരുന്നു. അതേസമയം, ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടൽ വിഷയത്തിൽ ഉണ്ടാവുന്നില്ലെന്ന പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.