അനിശ്ചിതത്വത്തിനൊടുവിൽ വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsഉള്ള്യേരി: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച വൈകീട്ട് കോവിഡ് ബാധിച്ച് മരണപ്പെട്ട ഉള്ള്യേരി മുണ്ടോത്ത് ഒതയോത്ത് വീട്ടിൽ പറായി (68)യെ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇവർ താമസിച്ചിരുന്ന ഭൂമിയെ ചൊല്ലി വർഷങ്ങളായി കോടതിയിൽ കേസ് നടന്നുവരുന്നുണ്ട്.
വീട്ടുവളപ്പിൽ സംസ്കരിക്കാൻ പഞ്ചായത്ത് സെക്രട്ടറി ആദ്യം അനുമതി നൽകിയിരുന്നു. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടെന്ന് റവന്യു അധികൃതർ പഞ്ചായത്തിനെ അറിയിച്ചു. എതിർ കക്ഷികളുടെ പരാതിയെ തുടർന്ന് തർക്ക ഭൂമിയിൽ സംസ്കാരത്തിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. ശ്മശാനത്തിൽ സംസ്കരിക്കാൻ ബന്ധുക്കൾ തയാറായതുമില്ല. വിവരമറിഞ്ഞ് പൊലീസും റവന്യു അധികൃതരും ബുധനാഴ്ച രാത്രിയിൽ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ ഇവരുടെ മകൻ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയരംഗങ്ങൾക്ക് വഴിവെച്ചു.
പൊലീസും ഫയർഫോഴ്സും ഇടപെട്ടാണ് ഇയാളെ താഴെയിറക്കിയത്. മൃതദേഹം കയറ്റിയ ആംബുലൻസിനുമുന്നിൽ കിടന്നു ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് വടകര ആർ.ഡി.ഒ.സി. ബിജു അടക്കമുള്ള ഉന്നത റവന്യു -പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെനേരം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്. ജില്ല കലക്ടറും വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കാൻ തീരുമാനമായി. വൈകീട്ട് നാലുമണിയോടെ ഇവരുടെ പുരയിടത്തോട് ചേർന്ന് മൃതദേഹം ദഹിപ്പിച്ചു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.